11 February, 2023 06:39:47 PM
കോഫി ഹൗസ് കെട്ടിടം: തൃശ്ശൂർ മെഡി. കോളജ് സൂപ്രണ്ട് ഇൻ ചാർജിനെതിരെ എംപിയുടെ പരാതി
തൃശൂര്‍: കോഫി ഹൗസ് കെട്ടിടം പൊളിച്ച നടപടിക്കെതിരെ രമ്യ ഹരിദാസ് എം പി. തൃശ്ശൂർ മെഡി.കോളേജ് സൂപ്രണ്ട് ഇൻ ചാർജിനെതിരെ കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക്പരാതി നൽകി. കഴിഞ്ഞ 8 മാസമായി തൃശ്ശൂർ മെഡിക്കൽ കോളേജിലെ സൂപ്രണ്ട് പദവി ഒഴിഞ്ഞു കിടക്കുകയാണ്. എന്നാൽ സൂപ്രണ്ടിന്‍റെ താൽക്കാലിക ചുമതല വഹിക്കുന്ന വ്യക്തി തന്നിഷ്ട പ്രകാരം പ്രവർത്തിയ്ക്കുകയുമാണ്.
അതിന്‍റെ അവസാന ഉദാഹരണമാണ് മെഡിക്കൽ കോളേജിലെ കോഫീ ഹൗസ് കെട്ടിടം പൊളിച്ചു നീക്കൽ. മെഡിക്കൽ കോളേജ് മാനേജ്മെന്‍റ് കമ്മറ്റി അംഗവും സ്ഥലം എംപിയുമായ തന്നോടോ, ജില്ലാ കലക്ടറോടോ വിഷയം ചർച്ച ചെയ്യാതെയാണ് സൂപ്രണ്ടിന്‍റെ താൽക്കാലിക ചുമതല വഹിയ്ക്കുന്ന ഡോ. നിഷാ എം ദാസ് ആശുപത്രി പ്രവർത്തങ്ങൾ തന്നിഷ്ടപ്രകാരം നടത്തുന്നതെന്നും, കേന്ദ്ര ആരോഗ്യമന്ത്രി മൺസൂക്ക് എൽ മാണ്ഡവ്വയ്ക്കു നൽകിയ കത്തിൽ രമ്യ ഹരിദാസ് എം പി പരാതിപ്പെട്ടു.
ആയിരത്തോളം വിദ്യാർഥികളുള്ള, നിത്യേന ആയിരക്കണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സ തേടിയെത്തുന്ന പ്രശസ്തമായ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രി ഭരണം കുത്തഴിഞ്ഞു കിടക്കുകയാണ്. ഇതിൽ അടിയന്തിരഇടപെടൽ ഉണ്ടാകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രിയോട് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.