08 February, 2023 05:18:55 PM
കോഴിക്ക് ഇത്രയും വിലയോ? ഉത്സവപറമ്പില്‍ പൂവന്‍ കോഴിയുടെ ലേലവില 34000 രൂപ
കണ്ണൂര്‍: ഇരിട്ടിയില്‍ ഉത്സവ പറമ്പിൽ നടന്ന ലേലത്തില്‍ പൂവന്‍ കോഴിക്ക് 34000 രൂപ. ഇരിട്ടിക്കടുത്ത് പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്ര തിറയോടനുബന്ധിച്ച് നടത്തിയ ലേലത്തിലാണ് കോഴിക്ക് ഇത്രയും വലിയ തുക പറഞ്ഞത്. രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ലേലത്തിലാണ് പൂവന്‍ കോഴി താരമായത്.
10 രൂപയില്‍ തുടങ്ങിയ ലേലം വിളി ആവേശവും വാശിയും ഏറിയതോടെ 20000ത്തില്‍ എത്തി. പിന്നീടുള്ള ലേലം വിളിക്ക് സംഘാടകര്‍ 1000 രൂപ വീതമെന്ന് നിശ്ചയിച്ചു. എന്നിട്ടും വിട്ടുകൊടുക്കാനാകാതെ വാശിയോടെ ആളുകള്‍ സംഘങ്ങളായി രംഗത്തെത്തുകയായിരുന്നു.
ഇളന്നീര്‍ എഫ്ബി കൂട്ടായ്മയാണ് നാലു കിലോ വരുന്ന പൂവ്വന്‍ കോഴിയെ 34,000 രൂപ നല്‍കി സ്വന്തമാക്കിയത്. പി അശോകന്‍, വി കെ സുനീഷ്, വി പി മഹേഷ്, കെ ശരത്, എം ഷിനോജ്, എം പ്രമോദ് എന്നിവരുടെ നേതൃത്വത്തിലാണ് ലേലം നടന്നത്. 34,000 രൂപയ്ക്ക് കോഴിയെ കിട്ടുന്നത് ആദ്യാമായിട്ടാണെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
ഇത്രത്തോളം വലിയ ഒരു തുകയ്ക്ക് ഇത് ആദ്യമായാണ് ഇവിടെ ലേലം നടന്നത്. ലേലം തുടങ്ങുന്ന സമയത്ത് കുറച്ച് കാണികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും ലേലം വാശിയേറിയതോടെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആവേശമായി അടുത്തെത്തി.