06 February, 2023 12:28:46 AM


അനധികൃതമായി നിർത്തിയിട്ട ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു



കൊച്ചി: കുമ്പളം ടോള്‍പ്ലാസയ്ക്ക് സമീപം ട്രക്കിനടിയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. ഡ്രൈവർ തൃശ്ശൂര്‍ ചാലക്കുടി മുരിങ്ങൂർ കളത്തിൽ വീട് കെ ജി ജോർജ് (68) ആണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോ‍ഡരികിൽ അനധികൃതമായി നിർത്തിയിട്ടിരുന്ന ട്രക്കിനടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അരൂർ ഭാഗത്ത് നിന്നും വൈറ്റില ഭാഗത്തേക്ക് പോകുന്നതിനിടെ കുമ്പളം - അരൂർ പാലം ഇറങ്ങി ടോൾ പ്ലാസ എത്തുന്നതിന് തൊട്ട് മുമ്പായിരുന്നു അപകടം. ഉറങ്ങിപോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ടൊയോട്ട അൾട്ടിസ് കാറാണ് അപകടത്തിൽപ്പെട്ടത്. മൃതദേഹം നെട്ടൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും. തിരക്കേറിയ ദേശീയപാതയിലെ പാതയോരങ്ങളിൽ അനധികൃത പാർക്കിംഗ് തുടർക്കഥയായതോടെ അപകടവും വർദ്ധിക്കുകയാണ്. വാഹനങ്ങൾ നിരനിരയായെത്തുന്ന കുമ്പളം ടോൾ പ്ലാസ പരിസരത്ത് പ്രധാന റോഡിലും സർവ്വീസ് റോഡുകളിലും കൂറ്റൻ ചരക്ക് ലോറികൾ ദിവസങ്ങളോളം നിർത്തിയിടുന്നതും പതിവ് കാഴ്ച്ചയാണ്.

ഇതിന് മുമ്പ് നെട്ടൂരിൽ  നിർത്തിയിട്ട ലോറിയിൽ തടി ലോറി ഇടിച്ച് കയറി രണ്ട് പേർ തൽക്ഷണം മരിച്ചതും അനധികൃത പാർക്കിങ്ങിന്റെ ഇരകളാണ്. കന്യാകുമാരി സ്വദേശികളായ ഡ്രൈവർ പാറക്കുന്ന് മരിയ ജോൺ (49), ക്ലീനർ വിളവൻകോട് രാജേഷ് ചിന്നൻ (36) എന്നിവരാണ് മരിച്ചത്. അപകടത്തിന്റെ ആഘാതത്തിൽ ലോറിക്കുള്ളിൽ കുടുങ്ങിയ ഇരുവരെയും ലോറി വെട്ടിപ്പൊളിച്ച് പുറത്തെടുക്കുകയായിരുന്നു.

നെട്ടൂർ ഐഎൻടിയുസി, കണ്ണാടിക്കാട്, ബണ്ട് പരിസരം എന്നിവിടങ്ങളിലാണ് ദൂരദേശത്ത് നിന്നെത്തുന്ന ചരക്ക് ലോറികൾ നിയമവിരുദ്ധമായി റോഡരികിൽ പാർക്ക് ചെയ്യുന്നത്. ഹൈവേ പോലീസ് നിരന്തരമായി ഇവിടെ വാഹന പരിശോധനകൾ നടത്താറുണ്ടെങ്കിലും അനധികൃത പാർക്കിങ്ങിനെതിരെ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. അനധികൃത ലോറി പാർക്കിങ്ങിനെതിരേ പ്രദേശവാസികൾ സമരം വരെ സംഘടിപ്പിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിൽ പാർക്കിങ്ങ് ലൈറ്റില്ലാതെയാണ് വാഹനങ്ങൾ ദേശീയപാതയോട് ചേർന്ന് നിർത്തിയിടുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K