01 February, 2023 10:30:30 PM
നഗരസഭ കൗൺസിലിൽ എൽ ഡി എഫ് അംഗങ്ങള്‍ക്ക് ചെയർമാന്‍റെ നേതൃത്വത്തിൽ മർദനം
- ഉണ്ണികൃഷ്ണന്‍
കൊച്ചി: വാർഡുകളിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിക്കാൻ ശ്രമിച്ച കൗൺസിലർമാരെ ചെയർമാൻ ചോദ്യം ചെയ്തതിനെ തുടർന്ന് മരട് നഗരസഭ കൗൺസിൽ യോഗത്തിൽ വാക്കേറ്റവും കയ്യാങ്കളിയും. ഇന്ന് നടന്ന കൌണ്‍സില്‍ യോഗത്തിലാണ് സംഭവം. യുഡിഎഫ് കൗൺസിലർമാരായ അബ്ബാസ്, മുഹമ്മദ് റിയാസ് എന്നിവർ ചേർന്ന് എൽഡിഎഫ് പ്രതിനിധികളായ അഫ്സൽ, സി ടി സുരേഷ്, ദിഷാ പ്രതാപൻ എന്നിവരെ കൗൺസിൽ ഹാളിൽ വെച്ച് മര്‍ദിക്കുകയായിരുന്നു. ഇവര്‍ പി എസ് മിഷൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്.
29-ാം ഡിവിഷൻ കൗൺസിലർ ഒരു പ്രാദേശികവിഷയം ഉന്നയിക്കാൻ ശ്രമിച്ചതിനെ ചെയര്‍മാന്‍ തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ക്കു തുടക്കം. കൗൺസിൽ യോഗം കഴിഞ്ഞശേഷം ഈ വിഷയം ചർച്ച ചെയ്യാമെന്ന് പറഞ്ഞ് മാറ്റിവെച്ചശേഷം അജണ്ടയിലെ 34 വിഷയങ്ങളും ചർച്ച ചെയ്ത് പാസക്കി. വികസന സെമിനാറുമായി ബന്ധപ്പെട്ട മുപ്പത്തി അഞ്ചാമത്തെ അജണ്ട ചർച്ച ചെയ്യുന്നതിനിടെ ഡിവിഷൻ ഫണ്ട് സംബന്ധിച്ചുള്ള തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൗൺസിലർമാർ ബഹളമുണ്ടാക്കി. ഇത് കൂട്ടാക്കാതെ ചെയർമാൻ ഏകപക്ഷീയമായി കൗൺസിൽ യോഗം പിരിച്ച് വിട്ടു.
ഇതേ തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ പ്രധിഷേധം നടത്തുകയും ചെയർമാനെ തടയുകയും ചെയ്തു. ഇതിനിടെയാണ് എൽഡിഎഫ് കൗൺസിലർമാരായ മൂന്ന് പേരെയും ചെയർമാന്‍റെ സാനിധ്യത്തിൽ മർദിച്ചത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണെന്ന് ആരോപണമുയര്‍ന്നു. നഗരസഭയിലെ വിവിധ വാർഡുകളിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ട വേദിയായി കൗൺസിൽ യോഗം മാറ്റേണ്ടത്തിന് പകരം ഒരു ചർച്ചയും കൂടാതെ സർക്കാർ അജണ്ടകൾ മാത്രം അംഗീകരിച്ചു പോകുന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കണ്ടുവരുന്നത്.
ഇതുള്‍പ്പെടെയാണ് എൽഡിഎഫ് കൗൺസിലർമാർ ചോദ്യം ചെയ്തത്. സംഭവത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നെട്ടൂരിൽ പ്രകടനവും പൊതുസമ്മേളനവും ചേർന്നു. സമ്മേളനം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സി ആർ ഷാനവാസ്, എ യു ബിജു, എം പി സുനിൽകുമാർ, സജീഷ് കുമാർ, എ ആർ പ്രസാദ് എന്നിവർ സംസാരിച്ചു. കൗൺസിലർമാരായ ഷീജ സാങ്കുമാർ, ശാലിനി അനിൽരാജ്, ഇ പി ബിന്ദു, ജിജി പ്രേമൻ എന്നിവർ നേതൃത്വം നൽകി.