30 January, 2023 03:01:21 PM
നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച ലഹരി സംഘത്തിലെ പ്രധാനി അറസ്റ്റിൽ
കൊച്ചി: നായയെ അഴിച്ചുവിട്ട് എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച ലഹരി ഇടപാട് സംഘത്തിലെ പ്രധാനി അറസ്റ്റിൽ. കാക്കനാട് നിലംപതിഞ്ഞിമുകൾ സ്വദേശി ലിയോൺ റെജി(23) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽനിന്ന് അഞ്ച് ഗ്രാം എംഡിഎംഎയും മൂന്നു ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.
പരിശീലനം നൽകിയ സൈബീരിയൻ ഹസ്കി ഇനത്തിൽപ്പെട്ട നായയെ ഉപയോഗിച്ചാണ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി പിടിയിലായ യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി മെട്രോ ഷാഡോയും ഇന്റലിജൻസ് വിഭാഗവും സ്ഥലത്ത് എത്തിയെങ്കിലും നായയെ മുറിയിൽ അഴിച്ചുവിട്ടതിനാൽ അകത്ത് പ്രവേശിക്കാൻ സാധിച്ചില്ല.
തുടർന്ന് ബലപ്രയോഗത്തിലൂടെ മുറിയിൽ പ്രവേശിച്ച എക്സൈസ് സംഘം നായയെ മറ്റൊരു മുറിയിലേക്ക് മാറ്റിയ ശേഷം ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ലഹരിമരുന്നു ഉപയോഗിച്ചിരുന്ന പ്രതി കസ്റ്റഡിയിലായ ശേഷവും ഉദ്യോഗസ്ഥരെ അക്രമിക്കാൻ ശ്രമിച്ചു. മയക്കുമരുന്ന് ആവശ്യമുള്ളവർ ഓൺലൈൻ മുഖേന പണം നൽകിയാൽ ഇയാൾ ലൊക്കേഷൻ അയച്ച് നൽകുകയും വീട്ടിൽവെച്ചു തന്നെ ഇടപാട് നടത്തുകയുമായിരുന്നു.
നാലു ദിവസം മുൻപാണ് തുതിയൂർ സെയ്ന്റ് ജോർജ് കപ്പേള റോഡിലെ വീട്ടിൽ ഐ.ടി. ഉദ്യോഗസ്ഥൻ എന്ന വ്യാജേന പ്രതി വാടകയ്ക്ക് താമസം തുടങ്ങിയത്. ഇൻഫോ പാർക്ക് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന ഇയാൾ വീടിന് പുറത്തിറങ്ങാറില്ല.