24 January, 2023 07:13:50 PM


ഗവ. ഓഫീസുകളിലെ ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് ത്വരിതഗതിയിലാക്കണം



പാലക്കാട്: വകുപ്പുതല ജില്ലാ ഓഫീസുകളിലെ നെയിം ബോര്‍ഡുകള്‍ മലയാളത്തിലാക്കുന്നത് എത്രയും വേഗം ചെയ്തു തീര്‍ക്കണമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഔദ്യോഗികഭാഷ ജില്ലാ ഏകോപന സമിതി യോഗം ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി. ഭരണഭാഷ പൂര്‍ണമായും മലയാളത്തിലാക്കാന്‍ താമസിയാതെ ജില്ലയ്ക്ക് കഴിയുമെന്ന് യോഗത്തില്‍ അധ്യക്ഷനായ ഔദ്യോഗിക ഭാഷാ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി കെ. കൃഷ്ണകുമാര്‍ പറഞ്ഞു. ഭരണഭാഷ അവാര്‍ഡ് പാലക്കാടിന് ലഭിച്ചത് വകുപ്പുകളുടെ മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണെന്നും എല്ലാ ഓഫീസുകളിലും സേവനാവകാശ നിയമ, വിവരാവകാശ നിയമ ബോര്‍ഡുകള്‍ മലയാളത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമായി ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.


ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍, മാസങ്ങളിലെ ഭാഷാ പുരോഗതിയുടെ റിപ്പോര്‍ട്ട് ആണ് ഏകോപനസമിതി യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. എത്ര ഫയലുകള്‍ മലയാളത്തില്‍, എത്ര ഫയലുകള്‍ ഇംഗ്ലീഷില്‍ എന്നും മലയാളത്തിലുള്ള ഫയലുകളുടെ ശതമാനം എത്ര, ഓഫീസുകളുടെ നെയിം ബോര്‍ഡ്, ഔദ്യോഗിക വാഹന ബോര്‍ഡില്‍ മലയാളം, സീല്‍, വെബ്‌സൈറ്റ്, അപേക്ഷാഫോം ഇവയെല്ലാം മലയാളത്തിലാണോ എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവലോകനയോഗം നടക്കുന്നത്. എന്തുകൊണ്ട് ഫയലുകള്‍ മലയാളത്തില്‍ കൈകാര്യം ചെയ്തില്ല, എന്താണ് പോരായ്മ, എന്നുള്ള വിശകലനവും യോഗത്തില്‍ ഉണ്ടായി.


ജില്ലയില്‍ വിവിധ വകുപ്പ് ഭാഷാ പരിപാടികള്‍ നടത്തിയതിന്റെ വിവരങ്ങള്‍, ചിത്രങ്ങള്‍, ഏത് വകുപ്പാണ്, എന്താണ് പരിപാടി, ഇതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ എന്തൊക്കെ ചെയ്തു, മലയാളം ഭാഷ വാരാചരണം ഇവയെല്ലാം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടുകള്‍ അടങ്ങിയ പുസ്തകത്തിന്റെ പ്രകാശനം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഔദ്യോഗിക ഭാഷ ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് സെക്രട്ടറി കെ. കൃഷ്ണകുമാറിന് നല്‍കി നിര്‍വഹിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) കെ. മധു, സീനിയര്‍ ക്ലര്‍ക്ക് വി. ഭവദാസ്, ജില്ലയിലെ വിവിധ വകുപ്പുകളിലെ മേധാവികള്‍ തുടങ്ങിയവര്‍ ഔദ്യോഗിക ഭാഷാ ജില്ലാ ഏകോപന സമിതി യോഗത്തില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K