23 January, 2023 07:16:09 PM
പിഎഫ്ഐ ജപ്തി: പാലക്കാട് കൊല്ലപ്പെട്ട സുബൈറിന്‍റെ വീട്ടിലും നോട്ടീസ് പതിച്ചു
പാലക്കാട്: പിഎഫ്ഐ ഹർത്താലിനെതിരായ ജപ്തി നടപടിയിൽ കൊല്ലപ്പെട്ടയാൾക്കും നോട്ടീസ്. പാലക്കാട് എലപ്പുള്ളിയിൽ കൊല്ലപ്പെട്ട സുബൈറിന്‍റെ വീട്ടിലും ജപ്തി നോട്ടീസ് പതിച്ചു. പിഴയടച്ചില്ലെങ്കിൽ സുബൈറിന്‍റെ മുഴുവൻ ആസ്തിയും ജപ്തി ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്. സെപ്തംബർ 23 നായിരുന്നു പിഎഫ്ഐ ഹർത്താൽ.
2022 ഏപ്രിൽ 15 നാണ് പാലക്കാട് എലപ്പുള്ളിയില്‍ സുബൈറിനെ വെട്ടിക്കൊന്നത്. വെള്ളിയാഴ്ച്ച ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന സുബൈറിനെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വെട്ടുകയായിരുന്നു. ഇതിനു പിന്നാലെ പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെയും വെട്ടിക്കൊന്നിരുന്നു. 24 മണിക്കൂറിനിടെയാണ് പാലക്കാട് ജില്ലയില്‍ രണ്ട് കൊലപാതകങ്ങൾ നടന്നത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനായിരുന്നു കൊല്ലപ്പെട്ടത്.
ഈ രണ്ട് കൊലപാതകങ്ങളിലും അറസ്റ്റും കോടതി നടപടികളും തുടരുന്നതിനിടയിലാണ് സുബൈറിന്‍റെ വീട്ടിൽ റവന്യൂവകുപ്പ് ജപ്തിനോട്ടീസ് പതിച്ചത്. ഇന്ന് കേരളാ മുസ്ലീം ജമാഅത്ത് മുട്ടിൽ യൂണിറ്റ് പ്രസിഡന്റിന്റെ ഭൂമിയും ആളുമാറി റവന്യൂവകുപ്പ് ആളുമാറി കണ്ടുകെട്ടിയത്. ഇതുസംബന്ധിച്ച് വയനാട് കുട്ടമംഗലം ഉള്ളാട്ട് പറമ്പിൽ യു.പി. അബ്ദുൾ റഹ്മാൻ എന്ന മദ്രസാ അധ്യാപകനാണ് പരാതിയുമായി രംഗത്തുവന്നത്.
കഴിഞ്ഞ ദിവസം മുസ്ലീംലീഗ് നേതാവിന്റെ വീട്ടിലും ആളുമാറി ജപ്തിനോട്ടീസ് ഒട്ടിച്ചിരുന്നു. മലപ്പുറം എടരിക്കോട് അഞ്ചാം വാർഡ് അംഗം ചെട്ടിയാൻതൊടി മുഹമ്മദിന്റെ മകൻ സി.ടി. അഷ്റഫിന്റെ 16 സെൻറ് ഭൂമിയും ഇതിലുള്ള വീടുമാണ് റവന്യൂ ഉദ്യോഗസ്ഥർ ഇന്നലെ ജപ്തി ചെയ്തത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചെട്ടിയാൻതൊടി ബീരാന്റെ മകൻ സി.ടി. അഷ്റഫിനെതിരായ നടപടിയാണ് ആളുമാറി മുസ്ലീംലീഗ് പ്രവർത്തകന്റെ വീട്ടിലായത്.
അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ കണ്ടുകെട്ടൽ നടപടി റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 248 വസ്തുവകകൾ സർക്കാർ പിടിച്ചെടുത്തതായി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് റിപ്പോർട്ട് നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ മലപ്പുറം ജില്ലയിലാണ്. കൊല്ലം ജില്ലയിലാണ് ഏറ്റവും കുറവ്. കേസ് നാളെ പരിഗണിക്കും.