13 January, 2023 09:47:05 AM
പാതിരാത്രി മുതല്‍ പുലര്‍ച്ചെ വരെ സ്‌കൂട്ടറില്‍ മാരക ലഹരി വസ്‌തു വില്‍പന: യുവതി പിടിയിൽ
കൊച്ചി: പാതിരാത്രി മുതല്‍ പുലര്‍ച്ചെ വരെ സ്‌കൂട്ടറില്‍ മാരക ലഹരി വസ്‌തുക്കൾ വില്‍പന നടത്തുന്ന യുവതി കൊച്ചിയിൽ പിടിയിൽ. കൊല്ലം തൃക്കടവൂര്‍ കൂരീപ്പുഴ സ്വദേശിനി ബ്ലെയ്‌സിയാണു പിടിയിലായത്. എറണാകുളം നോര്‍ത്തിലെ വട്ടോളി ടവേഴ്‌സിലെ ഫ്ലാറ്റില്‍നിന്ന് കസ്‌റ്റഡിയില്‍ എടുത്ത ഇവരിൽനിന്നും 1.962 ഗ്രാം എം.ഡി.എം.എ. കണ്ടെടുക്കുകയും അറസ്‌റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. എം.ഡി.എം.എയടക്കം ഇവര്‍ക്കു വന്‍തോതില്‍ ലഹരി എത്തിച്ചു നല്‍കുന്നതു കോഴിക്കോട് സ്വദേശിയാണെന്നും ഇയാളുള്‍പ്പടെ ഏഴുപേരാണു ലഹരിക്കച്ചവടത്തിന്റെ ബുദ്ധികേന്ദ്രമെന്നും കണ്ടെത്തിയിട്ടുണ്ട്.
പുലര്‍ച്ചെ രണ്ടരയോടെ തുടങ്ങുന്ന ലഹരിയിടപാട് ഏഴുമണിയോടു തീര്‍ക്കും. ഒരു ദിവസം ചുരുങ്ങിയത് ഏഴു പോയിന്റിലെങ്കിലും മയക്കുമരുന്ന് എത്തിക്കും. പ്രതിദിനം 7,000 രൂപയാണു ലഭിച്ചിരുന്നത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ബ്ലെയ്‌സി അറസ്‌റ്റിലായത്. ഇവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍നിന്ന് 2.5 ഗ്രാമിലധികം എം.ഡി.എം.എ. കണ്ടെടുത്തു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മൂന്നു യുവതികള്‍ക്കും ലഹരിക്കച്ചവടത്തില്‍ പങ്കുള്ളതായാണു സംശയം.
മത്സ്യത്തൊഴിലാളിയുടെ മകളായ യുവതി ഏവിയേഷന്‍ കോഴ്‌സ് പഠിക്കാനാണു കൊച്ചിയില്‍ എത്തിയത്. ക്ലാസില്‍ പോകാതെ സ്‌പായില്‍ ജോലിക്കു കയറി. ജോലി നഷ്‌ടമായപ്പോഴാണു ലഹരിയിടപാടിലേക്കു തിരിഞ്ഞത്.
പിടിയിലായ യുവതി ആര്‍ഭാട ജീവിതമാണു നയിച്ചിരുന്നത്. കൊച്ചിയില്‍ ജോലി ചെയ്യുകയാണെന്നാണു വീട്ടുകാരോടു പറഞ്ഞത്. ജോലി കഴിഞ്ഞാല്‍ പിന്നെ രാത്രി വരെ ഉറക്കമാണു രീതി. കലൂരില്‍ എം.ഡി.എം.എയുമായി പിടിയിലായ യുവാവില്‍നിന്നാണ് ബ്ലെയ്‌സിയെ കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചത്. അന്വേഷണത്തില്‍ ഇടപാടെല്ലാം ഇന്‍സ്‌റ്റാഗ്രാം വഴിയാണെന്നും ഇത് നിയന്ത്രിക്കുന്നത് മറ്റുചിലരാണെന്നും തിരിച്ചറിഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ സിം ഒഴിവാക്കി ഹോട്ട്‌സ്‌പോട്ട് ഉപയോഗിച്ചാണ് ഇവര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്.