07 January, 2023 12:51:55 AM
ബിരിയാണിയിൽ പഴുതാര; കൊച്ചിയിലെ കായീസ് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു
കൊച്ചി: ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിൽ നിന്ന് പഴുതാരയെ കണ്ടെത്തി. കൊച്ചിയിൽ കായീസ് ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയവർക്ക് ബിരിയാണിയിൽ നിന്ന് പഴുതാരയെ കിട്ടിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിക്കുകയും ചെയ്തു.
ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പരിശോധന പുരോഗമിക്കുന്നതിനിടെയാണ് സംഭവം. പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതെന്നും കണ്ടെത്തി. തുടർന്ന് ഹോട്ടൽ അടച്ചു പൂട്ടാനുള്ള നോട്ടീസ് നൽകുകയായിരുന്നു.
സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 16 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 162 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.