06 January, 2023 06:57:34 PM
നിയമം വിശാലവീക്ഷണത്തോടെ കൈകാര്യം ചെയ്യണം - ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: നിയമം കൈകാര്യം ചെയ്യുന്ന എല്ലാ തലങ്ങളിലും വിശാല വീക്ഷണം ആവശ്യമാണെന്ന് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. നിയമം മനുഷ്യ കേന്ദ്രീകൃതമായി കൈകാര്യം ചെയ്യപ്പെട്ടാൽ നദികളിലെ മത്സ്യ സമ്പത്ത് ഉപയോഗപ്പെടുത്തുക , ജല ഗതാഗതം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ പോലും പ്രകൃതി വിഭവങ്ങളുടെ നിയന്ത്രണമില്ലാത്ത ചൂഷണത്തിലും ജല മലിനീകരണത്തിലും ചെന്നെത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊച്ചിയിലെ ദേശീയ നിയമ സർവ്വകലാശാലയായ നുവാൽസിൽ കടൽ മത്സ്യബന്ധനത്തിൻറെ പാരിസ്ഥിതിക , വ്യാപാര, ആരോഗ്യ മാനങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ ഡോ. കെ.സി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് അബെർദീൻ പ്രൊഫ. ഡോ. സിറായ് യെഡിഗോ മുഖ്യ പ്രഭാഷണം നടത്തി. നുവാൽസ് പ്രൊഫ. ഡോ. മിനി എസ്., വിദ്യാർത്ഥി പ്രതിനിധി ഐശ്വര്യ ലക്ഷ്മി വി. എം. എന്നിവർ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന സെമിനാറിൽ മുപ്പതോളം പ്രബന്ധങ്ങൾ അവതരിപ്പിക്കും.