03 January, 2023 11:12:46 AM


കുടിക്കാന്‍ വെള്ളം ചോദിച്ച് വീട്ടിലെത്തി വയോധികയുടെ മാല കവർന്നു; പ്രതി പിടിയിൽ



കോഴിക്കോട്: കൊയിലാണ്ടിയിൽ വെള്ളം ആവശ്യപ്പെട്ട് വീട്ടിലെത്തി വയോധികയുടെ സ്വർണ്ണ മാല കവർന്ന സംഭവത്തില്‍ പ്രതി പിടിയിൽ. ഉള്ളൂർ പാറത്തോൻകണ്ടി വീട്ടിൽ സായൂജിനെ (22) ആണ് കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ നേരത്തെ കൊയിലാണ്ടി കസ്റ്റംസ് റോഡിലായിരുന്നു താമസം.


മൊയ്തീംപള്ളിക്ക് സമീപം സി.കെ ഹൗസിൽ നഫീസയുടെ രണ്ട് പവന്റെ സ്വർണ്ണ മാലയാണ് കവർന്നത്. . കഴിഞ്ഞ ദിവസം വൈകീട്ടായിരുന്നു സംഭവം. വെള്ളം ചോദിച്ച് വീട്ടിലെത്തിയ യുവാവ് വയോധികയുടെ കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയമാണ് യുവാവ് വീട്ടിലെത്തിയതും കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടതും. 


അടുക്കളയിലേക്ക് പോയ നഫീസയുടെ പിന്നാലെയെത്തി യുവാവ് കഴുത്തിൽ അണിഞ്ഞിരുന്ന മാല പൊട്ടിച്ച് ഓടുകയായിരുന്നു. നഫീസയുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് ആദ്യം മോഷണ വിവരം അറിയുന്നത്. സംഭവത്തെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ‌‌


മാല പൊട്ടിച്ച് ഓടുന്ന യുവാവിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊയിലാണ്ടി സിഐഎൻ സുനിൽകുമാർ, എസ്ഐ.മാരായ എംഎൻ അനൂപ്, ഫിറോസ്, സിപിഒമാരായ അനുപ്, രാഗി, തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K