27 October, 2022 10:47:28 AM
കൊച്ചി ബാറിലെ വെടിവയ്പ്പ്: തോക്ക് അറസ്റ്റിലായ അഭിഭാഷകന്റേതെന്ന് പോലീസ്
കൊച്ചി: എറണാകുളം കുണ്ടന്നൂരിലെ ബാറില്‍ വെടിവയ്പ്പിന് ഉപയോഗിച്ച തോക്ക് അറസ്റ്റിലായ അഭിഭാഷകന് ഹറാള്ഡിന്റേതെന്നെന്ന് കണ്ടെത്തി. 2025 വരെ ലൈസന്‍സുള്ള തോക്കാണിതെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ബാറിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ആര്‍മര്‍ വിഭാഗവും ബാലിസ്റ്റിക് വിദഗ്ധരും സംഭവത്തില്‍ വിശദമായ പരിശോധന നടത്തും.
പ്രതികള്‍ മറ്റൊരു സ്ഥലത്ത് കാറ് പാര്‍ക്ക് ചെയ്ത ശേഷമാണ് ബാറിലെത്തിയത്. ഇത് എന്തിനാണെന്ന് പോലീസ് അന്വേഷിക്കും. വെടിവയ്പ്പുണ്ടായ കുണ്ടന്നൂരിലെ ഓജീസ് കാന്താരി സിനിമാ നിര്‍മ്മാതാവായ ഓജി സുനിലിന്റെ ഉടമസ്ഥതയിലുള്ള ബാറാണ്. സംഭവത്തില്‍ ഇയാളുടെ മൊഴി എടുക്കും. വിവരം പോലീസിലറിയിക്കാന്‍ ബാര്‍ ജീവനക്കാര്‍ വൈകിയത് എന്തുകൊണ്ടാണെന്നും പോലീസ് പരിശോധിക്കും.
കൊച്ചിയിലെ ബാറില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ വെടിവയ്പ്പില്‍ അഭിഭാഷകന് ഹറാള്‍ഡ്, സുഹൃത്ത് റോജന്‍ എന്നിവര്‍ പിടിയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ഹറാള്‍ഡും റോജനും ഉച്ചയോടെയാണ് ബാറില്‍ മദ്യപിക്കാനെത്തിയത്. ഇവര്‍ വൈകുന്നേരം വരെ ഇവിടെയുണ്ടായിരുന്നു.
നാലോടെ താഴെ നിലയിലെത്തി കൗണ്ടറില്‍ പണം നല്കി. ഇതിനു ശേഷം മടങ്ങാന്‍ നേരത്താണ് റോജന്‍ ഭിത്തിയിലേക്ക് വെടിയുതിര്‍ത്തത്. ഇവര്‍ ഉടനെ ഇവിടെനിന്ന് കടന്നുകളയുകയും ചെയ്തു. എന്നാല്‍ വെടിവയ്പുണ്ടായ വിവരം ബാര്‍ ജീവനക്കാര്‍ ആ സമയം പോലീസില്‍ അറിയിച്ചില്ല. രാത്രി എട്ടോടെയാണ് വിവരം പോലീസില്‍ അറിയിക്കുന്നത്.