10 October, 2022 02:57:31 PM


കുമ്പള അനന്തപത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിലെ മുതല 'ബബിയ' ഓർമയായി



കാസർഗോഡ് : കുമ്പള അനന്തപുര അനന്ത പത്മനാഭ സ്വാമി ക്ഷേത്രക്കുളത്തിലെ  മുതല 'ബബിയ' ഓർമയായി. ഇന്നലെ രാത്രിയോടെയാണ് മരണം. 75 വയസിലേറെ പ്രായമുണ്ട്. കേരളത്തിലെ ഏക തടാക ക്ഷേത്രമായ ഇവിടത്തെ കുളത്തിൽ സസ്യാഹാരം മാത്രം ഭക്ഷിച്ചിരുന്ന മുതല വലിയ അത്ഭുതമായിരുന്നു.

തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് കാസര്‍കോട്ടെ അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. തടാകത്തിന് നടുവിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം.

ക്ഷേത്ര നിവേദ്യം മാത്രമാണ് ആഹാരം. മുതലയ്ക്ക് നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്.  തടാകത്തിന്റെ വടക്ക് ഭാഗത്തായി രണ്ട് ഗുഹകളുണ്ട്. പകല്‍ മുതല ഈ ഗുഹയിലായിരിക്കും. ഇതുവരെ മനുഷ്യരെ ഉപദ്രവിച്ചിട്ടില്ല. അക്രമാസക്തിയൊന്നും കാട്ടാത്ത ബബിയയെ അത്ഭുതത്തോടെയാണ് ഭക്തർ കാണുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K