10 September, 2022 08:33:38 PM
കോഴിക്കോട് ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; എല്ലാവരെയും രക്ഷപ്പെടുത്തി
കോഴിക്കോട്: മലബാര്‍ ജലോത്സവത്തിന്‍റെ ഭാഗമായി ചാലിയാറിൽ സംഘടിപ്പിക്കാറുള്ള ബേപ്പൂർ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ജലോത്സവത്തിന്‍റെ ലൂസേഴ്സ് ഫൈനല്‍ മത്സരം അവസാനിച്ച തൊട്ടുടനെ ഫറോക്ക് പഴയ പാലത്തിന് സമീപം വെച്ചാണ് അപകടം.
മത്സരത്തില്‍ പങ്കെടുത്ത എകെജി മയ്യിച്ച എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. വള്ളത്തില്‍ തുഴക്കാരടക്കം 25 പേരായിരുന്നു ഉണ്ടായിരുന്നത്. വള്ളം പൂര്‍ണമായും മറിഞ്ഞെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോസ്റ്റ് ഗാര്‍ഡിന്‍റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ അപകടത്തില്‍പ്പെട്ട എല്ലാവരെയും രക്ഷപ്പെടുത്തി.
ബേപ്പൂർ വള്ളം കളിയിൽ പാലിച്ചോൻ അച്ചാംതുരുത്തി ജേതാക്കളായി. 10 ക്ലബ്ബുകൾ മത്സരിച്ച വള്ളം കളിയിൽ കാസർകോട് നിന്നുള്ള എകെജി പൊടോതുരുത്തി, വയൽക്കര വെങ്ങാട് എന്നീ ക്ലബ്ബുകൾ രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി. ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്തു.