19 July, 2016 01:36:32 PM


രണ്ടു വെല്ലുവിളികള്‍ - കമ്മ്യുണിസ്റ്റ്, ബിജെപി പാര്‍ട്ടികള്‍ക്കു മുന്നില്‍.



'ഇന്നലെ പെയ്ത മഴ'യ്ക്ക്‌ ഇന്നു കിളുര്‍ത്ത പാര്‍ട്ടികളല്ല കമ്മ്യുണിസ്റ്റ്, കോണ്ഗ്രസ്, ബിജെപി പാര്‍ട്ടികള്‍. പക്ഷെ അവരുടെ സ്ഥിതി വളരെ പരിതാപകരമാണ്... തത്കാലം ബിജെപിയുടെ ഗ്രാഫ് ഉയര്‍ന്നിരിക്കുന്നു എന്നേയുള്ളൂ... ഗൃഹപാഠം ചെയ്തില്ലെങ്കില്‍ വിവരമറിയും...

എന്നാല്‍ 'ഇന്നലെ പെയ്ത മഴ'യ്ക്കുണ്ടായ കക്ഷിയാണ് ആം ആദ്മി... ദില്ലിയിലെ അവരുടെ വിജയം അതാണ്‌പറയുന്നത്... കോണ്ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ മാറി മാറിഭരിച്ചിട്ടും തീരാത്ത പ്രശ്നങ്ങളാണ് ആം ആദ്മിക്ക് വളക്കൂറായത്.

കേരളത്തില്‍ കമ്മ്യുണിസ്റ്റ്, കോണ്ഗ്രസ് പാര്‍ട്ടികളാണ് മാറിമാറി ഭരിച്ചത്. അതിനാല്‍ ഇവിടെ ബിജെപിക്ക് സാധ്യതയുണ്ട്. അതുകൊണ്ടാണ് ഇവിടെ ആം ആദ്മി ഇതേവരെ ക്ലച്ചുപിടിക്കാത്തത്. ബിജെപി ഭരണം കൂടി വന്നു ജനം നിരാശരായി(!) കഴിഞ്ഞാലേ ആം ആദ്മി പച്ചതൊടുകയുള്ളൂ...

എന്നാല്‍ പഞ്ചാബ്, ഗോവ എന്നിവിടങ്ങളില്‍ അവര്‍ നല്ല 'വര്‍ക്ക്' ചെയ്യുന്നുണ്ട്. ദേശീയമായും (നേതൃത്വപിടിപ്പുകേട്+ അഴിമതി + സ്വജനപക്ഷപാതം + ജനവിരുദ്ധ നിലപാടുകള്‍ etc) സാംസ്ഥാനികമായും (ഗ്രൂപ്പുകളി + അഴിമതി + സ്വജനപക്ഷപാതം + ജനവിരുദ്ധ നിലപാടുകള്‍ etc) കോണ്ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുന്നു... പ്രതിപക്ഷമെന്നനിലയില്‍ എക്കാലവും അവര്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. (ഭരിക്കാനായി ജനിച്ചവര്‍).

ഇപ്പോള്‍ ദേശീയതലത്തിലും സംസ്ഥാനതലത്തിലും പ്രതിപക്ഷത്തിന്‍റെ റോളുകള്‍ ഏറ്റെടുക്കാന്‍ കമ്മ്യുണിസ്റ്റ്, ബിജെപി പാര്‍ട്ടികള്‍ക്ക് കഴിയുമോ? അവര്‍ ആ വെല്ലുവിളി സ്വീകരിക്കുമോ? ദേശീയമായി പ്രാദേശിക പാര്‍ട്ടികളുടെ കൂടിച്ചേരല്‍ ക്രിയാത്മക പ്രതിപക്ഷത്തെ സൃഷ്ടിക്കില്ല. അവര്‍ക്ക് പലേടത്തും പല ചങ്ങാതിമാരാണ്. 'ഇന്നലെ പെയ്ത മഴ'യ്ക്ക്‌ ആം ആദ്മിക്ക് ഉജ്ജ്വലമായ നേട്ടമുണ്ടാക്കാന്‍ കഴിയുമെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അത് സാധിക്കും. ഇവിടെയുള്ള ഊര്‍ജ്ജ്വസ്വലരായ പ്രവര്‍ത്തകരെ കേരളത്തിന്‌ പുറത്തേയ്ക്ക് വിടണം. അവിടങ്ങളിലെ നിരവധി പ്രശ്നങ്ങള്‍ സത്യത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിക്ക് വളമാണ്. അതു ക്രിയാത്മകമായി ഉപയോഗിച്ചാല്‍ ബിജെപിയുടെ പ്രതിപക്ഷമാകാന്‍ കഴിയും... ജനങ്ങളുടെ പക്ഷത്തു നില്‍ക്കണമെന്ന് മാത്രം... കേരളവും ബംഗാളും ത്രിപുരയും കൊണ്ട് സംതൃപ്തിയടയരുതെന്നു സാരം.

പാര്‍ട്ടിയുടെ യുവജനങ്ങള്‍ നിരവധി പേര്‍ വിദേശത്ത് ജോലി നോക്കുന്നുണ്ട്. ഇവരില്‍ പലരും പാര്‍ട്ടിയുടെ ആനുകൂല്യങ്ങള്‍ പല കാലത്തും അനുഭവിച്ചിട്ടുള്ളവരാണ്. ഒരു ഘട്ടം കഴിയുമ്പോള്‍ ഇവരൊക്കെ തന്‍ കാര്യം നോക്കികളായിത്തീര്‍ന്നു 'ചാരുകസാലാ വിപ്ലവം' പറയുന്നു. സത്യത്തില്‍ പ്രതിബദ്ധതയുണ്ടായിരുന്നെങ്കില്‍ വിദേശത്തുപോകാതെ അവര്‍ ഇതര സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അത്തരം സംസ്ഥാനങ്ങളേക്കാള്‍ മോശമായ അവസ്ഥയുണ്ടായിരുന്ന കേരളത്തില്‍ കമ്മ്യുണിസ്റ്റ് ഭരണം പോലും സാധ്യമായെങ്കില്‍ അവിടങ്ങളില്‍ പാര്‍ട്ടി വളര്‍ത്തല്‍ എന്തുകൊണ്ടാകില്ല?

ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടികളുണ്ടെങ്കില്‍ മാവോയിസ്റ്റ് ഇടപെടലുകളും അവസാനിക്കും. കേരളത്തില്‍ ബി ജെ പിയാണ് ഈ വെല്ലുവിളി നേരിടേണ്ടത്. ക്ഷേത്രക്കുളം വൃത്തിയാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഒതുങ്ങാതെ പൊതുജന പ്രശ്നങ്ങള്‍ ബി ജെ പി ഏറ്റെടുക്കണം. ഒരു സീറ്റേ കിട്ടിയുള്ളൂ എന്നത് വാസ്തവം. ആ സീറ്റിനു പിന്നില്‍ ഒരു പാട് പ്രതീക്ഷകള്‍ ഉണ്ടെന്നു മനസ്സിലാക്കണം. കോണ്ഗ്രസ്സ് പ്രതിപക്ഷത്തിരിക്കുമ്പോള്‍ പൊതുവേ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കാറ്. എന്നാല്‍ ബി ജെ പി നിയമസഭയില്‍ വന്നതുകൊണ്ടായിരിക്കാം പലേടത്തും പ്രാദേശികമായി കോണ്ഗ്രസ് ഉണര്‍ന്നിട്ടുണ്ട്. ആ ഉണര്‍വ്വ് നോക്കി നില്‍ക്കാതെ ജനകീയ പ്രശ്നങ്ങള്‍ ഏറ്റെടുത്തു പ്രക്ഷോഭമുണ്ടാക്കിയാലേ ബി ജെ പിക്ക് ഭാവിയുള്ളൂ...

ഹിന്ദു സംരക്ഷണം മാത്രമല്ല പൊതുജന സംരക്ഷണമായിരിക്കണം ബി ജെ പി യുടെ ലക്ഷ്യം.ഡല്‍ഹിയില്‍ ആം ആദ്മി ഉണ്ടാക്കിയ നേട്ടം ഇവിടെ ബിജെപിക്ക് സാധ്യമാണ്. അതിനു താല്‍പ്പര്യമില്ലെങ്കില്‍ മാറി നില്‍ക്കുക. ആം ആദ്മി ഇവിടെ വളരട്ടെ. 

ഒറ്റയടിക്ക് ബിജെപി കേരളത്തില്‍ അധികാരത്തില്‍ വരാന്‍ ഇടയില്ല. അടുത്ത വട്ടം പ്രധാന പ്രതിപക്ഷമായാല്‍ മാതമേ അതിനടുത്ത വട്ടം കേരള൦ ഭരിക്കാനാവൂ. ഒരു മികച്ച പ്രതിപക്ഷ പാര്‍ട്ടിയെന്ന നിലയില്‍ കേരള ജനതയുടെ വിശ്വാസ്യത നേടാനാകണം. കേന്ദ്ര സര്‍ക്കാരിന്റെ നിരവധി ക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തിന്‍റെ ചുട്ടി കുത്തി ഇവിടെ നടപ്പാക്കുന്നുണ്ട്. ഇതൊന്നും സാമാന്യ ജനത്തിന് അറിയില്ല. അതിനാല്‍ വ്യാപകമായ പ്രചാരണങ്ങള്‍ വേണം. വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ വേണം. ഇതുവരെ കാണാത്ത ശൈലിയിലൂടെ ജനങ്ങള്‍ക്ക്‌ പ്രിയങ്കരരാവണം..

പത്തി താഴ്ത്തിക്കിടക്കുന്ന കോണ്ഗ്രസ് ഏതു സമയത്തും ഉണര്‍ന്നു ചീറ്റുവാന്‍ തരമുണ്ട്. അതിനിട കൊടുക്കാതെ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന 'ഇടം' നികത്തിയാല്‍ ബിജെപിക്കു കേരളത്തില്‍ ഭാവിയുണ്ട്. ജനപക്ഷത്തുനിന്ന് ഇരുപാര്‍ട്ടികളും ഈ വെല്ലുവിളികള്‍ സ്വീകരിക്കുമോ എന്നു കാണാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ കാത്തിരിക്കുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.9K