30 August, 2022 08:34:41 AM


തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്: പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങി



കൊച്ചി: ഇന്ന് അത്തം. പത്താം നാൾ നാട് തിരുവോണം ആഘോഷിക്കും. ഓണാഘോഷങ്ങൾക്കും തുടക്കമായി. പൊന്നോണത്തിന്‍റെ വരവ് അറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തച്ചമയം ഇന്ന്. അത്തം നഗറിൽ പതാക ഉയരുന്നതോടെ വർണാഭമായ ഘോഷയാത്രയ്ക്ക് തുടക്കം. ഇതോടെ സംസ്ഥാനത്ത് ഔദ്യോഗികമായി ഓണാഘോഷങ്ങൾക്കും തുടക്കമാവും.

പ്രളയയും കൊവിഡും മൂലം കഴിഞ്ഞ നാലു വർഷമായി തൃപ്പുണിത്തുറ അത്തം ഘോഷയാത്ര പേരിന് മാത്രമായിരുന്നു നടത്തിയിരുന്നത്. ഇത്തവണ വിപുലമായ പരിപാടികളോടെയാണ് അത്തച്ചമയം നടക്കുന്നത്. തൃപ്പൂണിത്തുറ ബോയിസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ മന്ത്രി വി എൻ വാസവൻ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കാലാരൂപങ്ങളും ഇരുപതോളം നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായുണ്ടാവും. തൃപ്പൂണിത്തുറ സ്കൂൾ മൈതാനാത്ത് ഉയർത്തുന്ന പതാക ഒൻപതാം നാൾ ഉത്രാടത്തിന്‍റെയന്ന് തൃക്കാക്കര നഗരസഭയ്ക്ക് കൈമാറും.

കൊവി‍ഡ് ഇല്ലാതാക്കിയ ഒത്തുചേരലുകള്‍ വീണ്ടും സജീവമാവുകയാണ്. കുട്ടികളും പ്രായമായവരും അടക്കം എല്ലാവരും ഓണത്തെ വരവേല്‍ക്കാനുള്ള തിരക്കിലായിക്കഴിഞ്ഞു. പൂക്കളവും സദ്യയും ഓണാഘോഷങ്ങളും ഒരു കുറവുമില്ലാതെ സംഘടിപ്പിക്കാനുള്ള മുന്നൊരുക്കങ്ങളാണെങ്ങും. നാട്ടിലെത്തി ഓണം ആഘോഷിക്കാനുള്ള ശ്രമത്തിലാണ് പ്രവാസികളും ദൂരെ ജോലി ചെയ്യുന്നവരുമെല്ലാം. നാട്ടിന്‍പുറങ്ങളിലെ വായനശാലകളും ക്ലബ്ബുകളും കൂട്ടായ്മകളുമെല്ലാം ഓണാഘോഷം സജീവമാക്കാന്‍ തയ്യാറായിക്കഴിഞ്ഞു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K