26 August, 2022 05:47:40 PM
ശബരിമല സ്ത്രീ പ്രവേശനം: പൊതുധാര്‍മ്മികത മുഖ്യം - പ്രൊഫ. ഉപേന്ദ്ര ബക്ഷി
ഇത്തരം വിഷയങ്ങളില്‍ നിയമനിർമാണം നടത്താതെ കോടതിക്ക് വിടുന്നത് ഉചിതമാണോയെന്ന് പരിശോധിക്കണം
കൊച്ചി: ഭരണഘടനാ സംസ്കാരവും ധാർമികതയും എന്ന വിഷയത്തിൽ പ്രശസ്ത നിയമജ്ഞനും ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഉപേന്ദ്ര ബക്ഷിയുമായി നടത്തിയ സംവാദം നുവാൽസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഭരണഘടനയെ സംബന്ധിച്ച പുതിയ ഉൾക്കാഴ്ച ലഭ്യമാക്കുന്നതായിരുന്നു.
ശബരിമല സ്ത്രീ പ്രവേശനത്തെയും പ്രായപൂർത്തിയായവർക്ക് സ്വവർഗ ലൈംഗികതയ്ക്കുള്ള അവകാശത്തെ സംബന്ധിച്ചുമുള്ള സുപ്രീം കോടതി വിധികൾ വിശകലനം ചെയ്ത് ഭരണഘടനാ ധാർമികത പൊതു ധാർമികതയ്ക്ക് അതീതമായി നിൽക്കുന്ന അവസ്ഥയുണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. തന്റേതായ നർമബോധത്തോടെ ഭരണഘടനാപരമായ ധാര്‍മ്മികതയെ (കോൺസ്റ്റിട്യൂഷണൽ മൊറാലിറ്റി) സിഎം എന്നും പൊതുധാര്‍മ്മികതയെ (പബ്ലിക് മൊറാലിറ്റി) പിഎം എന്നും വിശേഷിപ്പിച്ചുകൊണ്ട് സിഎം, പിഎംന് അതീതമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരം വിഷയങ്ങളിൽ ആവശ്യമായ നിയമനിർമാണം നടത്താതെ കോടതി തീരുമാനിക്കട്ടെ എന്ന നിലപാട് എടുക്കുന്നത് ഉചിതം ആണോയെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വൈസ് ചാൻസലർ ഡോ. കെ. സി. സണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രൊഫ. ഡോ. മിനി എസ്., ഡോ. ഷീബ എസ്. ധർ, നന്ദിത നാരായണൻ എന്നിവർ പ്രസംഗിച്ചു.