19 August, 2022 02:32:16 PM


രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകർത്ത സംഭവം: നാല് കോൺഗ്രസുകാർ അറസ്റ്റിൽ



കല്‍പ്പറ്റ: എസ് എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധതിനിടെ രാഹുൽ ഗാന്ധിയുടെ വയനാട് എംപി ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ അറസ്റ്റ്. നാല് കോൺഗ്രസ്സ് പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരിൽ രാഹുലിന്‍റെ പി എ രതീഷും ഉള്‍പ്പെടുന്നു. ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ പോലീസിന്‍റേത് കള്ളക്കേസ്റ്റെന്ന് രാഹുൽ ഗാന്ധിയുടെ പി.എ കെ.ആർ.രതീഷ് പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന നടപടിയാണ് പോലീസിന്‍റേതെന്നും ആരോപണം. എസ്.ആർ.രാഹുൽ, കെ.എ. മുജീബ്, വി. നൗഷാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ .

അതേസമയം, കോൺഗ്രസുകാരെ പ്രതിയാക്കാൻ പോലീസ് ശ്രമിക്കുന്നുവെന്നും നിരപരാധികളുടെ വീടുവളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും കൽപ്പറ്റ എംഎൽഎ ടി സിദ്ധിഖ് ഇന്നലെ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ്സുകാരുടെ അറസ്റ്റ് തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് സി.പിഎം വയനാട് ജില്ലാ സെക്രട്ടറി. ഗാന്ധിചിത്രം തകർക്കാൻ പ്രേരിപ്പിച്ചവർ ആരൊക്കെയെന്ന് അന്വേഷിക്കണം. ടി.സിദ്ദിഖ് അടക്കമുള്ളവർക്ക് പ്രതികളെ രക്ഷിക്കാൻ വ്യഗ്രതയെന്നും സി.പിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K