15 August, 2022 06:13:44 PM
അമ്മയും മകനും വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങി മരിച്ച നിലയിൽ
കോഴിക്കോട്: കൊടുവള്ളിയിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ. കൊടുവള്ളി ഞെള്ളോരമ്മൽ ഗംഗാധരന്‍റെ ഭാര്യ ദേവി (52), മകൻ അജിത് കുമാർ (32) എന്നിവരെയാണ് വീടിനു സമീപത്തെ ടവറിനു മുകളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ദേവിക്ക് ചികിത്സക്കായി കോഴിക്കോട് വൈദ്യരെ കാണാൻ പോയിരുന്നു. കാല് മുറിച്ചു മാറ്റണമെന്ന് വൈദ്യർ പറഞ്ഞുവെന്നും ഇതിനാൽ ഇനി ജീവിച്ചിരിക്കുന്നില്ലെന്നും ഇവർ വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു.
രാത്രിയും ഇവർ വീട്ടിലെത്താത്തതിനെ തുടർന്ന് എട്ടുമണിയോടെ ബന്ധുക്കൾ കൊടുവള്ളി പോലീസിൽ പരാതി നൽകി. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിൽ പുലർച്ചെ മൂന്നരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരെയും ടവറിനു മുകളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അജിത് കുമാർ അവിവാഹിതനാണ്.