07 August, 2022 09:19:02 AM


ഇടുക്കി ഡാം തുറക്കൽ; പെരിയാർ തീരത്ത് ജാഗ്രതാ നിർദേശവുമായി എറണാകുളം ജില്ലാ ഭരണകൂടം



കൊച്ചി: ഇടുക്കി ഡാം തുറന്നാൽ എറണാകുളം ജില്ലയിൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം. പെരിയാർ തീരത്ത് ജാഗ്രത നിർദേശം നൽകി. അടിയന്തര ഘട്ടം വന്നാൽ പെരിയാർ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കാൻ തഹസിൽദാർമാർക്ക് ചുമതല നൽകി. പെരിയാറിന്റെ നിലവിലെ സാഹചര്യത്തിൽ ഇടുക്കി ഡാം തുറന്നാലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തൽ.

വൃഷ്ടിപ്രദേശത്ത് മഴ ശക്തമാകാത്തതിനാൽ പെരിയാറിലെ ജലനിരപ്പ് താഴുകയാണ്. ഇടുക്കി ഡാം തുറന്നാൽ,കുറഞ്ഞ അളവിൽ ആയിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. 500 ക്യൂബിക് മീറ്റർ പെർ സെക്കന്റ് ജലം വരെ തുറന്ന് വിട്ടാൽ പെരിയാറിൽ കാര്യമായി വ്യത്യാസമുണ്ടാവാനിടയില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അത്രയും ജലം തുറന്ന് വിടേണ്ടതുമില്ല.

2021 ഇൽ 100 ക്യൂമെക്‌സ് ജലമാണ് ഇടുക്കി ഡാമിൽ നിന്ന് തുറന്നു വിട്ടത്. ലോവർ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ സംഭരിക്കുകയും വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്ത ശേഷം 40 ക്യൂമെക്‌സ് ജലം മാത്രമാണ് അന്ന് താഴേക്ക് ഒഴുകിയെത്തിയത്. ഇടമലയാർ ഡാമിൽ ഓറഞ്ച് അലേർട്ടാണ് നിലവിൽ.

ഇടുക്കി ഡാം തുറന്ന് വെള്ളം പെരിയാറിലെത്തിയാലും ജലം സുഗമമായി ഒഴുകി പോകും. കടലിലേക്ക് വെള്ളം ഒഴുകിപോകുന്നതിനുള്ള നദീമുഖങ്ങളെല്ലാം തുറന്ന നിലയിലാണ്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കി. പെരിയാർ നദിയും കൈവഴികളും ഉദ്യോഗസ്ഥരുടെ പൂർണ നിരീക്ഷണത്തിൽ ആണ്. അതാത് സന്ദർഭങ്ങളിലെ സാഹചര്യം വിലയിരുത്തി നടപടികൾ സ്വീകരിക്കും. മാറി താമസിക്കുന്നതടക്കം ജില്ലാ ഭരണകൂടം നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കരുത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K