04 August, 2022 12:34:46 PM


കുട്ടികൾ സ്കൂളിൽ എത്തിയശേഷം അവധിപ്രഖ്യാപനം; പ്രതിഷേധം കനത്തതോടെ ഉത്തരവ് തിരുത്തി കളക്ടര്‍



കൊച്ചി: രാവിലെ കുട്ടികൾ സ്കൂളിൽ എത്തിയശേഷം അവധി പ്രഖ്യാപിച്ചതിന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ രക്ഷിതാക്കളുടെ പ്രതിഷേധ കമന്‍റുകൾ. 'കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ' എന്നൊക്കെയാണ് കമന്റുകൾ. രാവിലെ മിക്ക സ്കൂളിലെയും വിദ്യാർഥികൾ സ്കൂളിലെത്തിയ ശേഷം 8.25ന് അവധി പ്രഖ്യാപിച്ച നടപടിയോടാണ് മാതാപിതാക്കളുടെ പ്രതിഷേധം. 

കഴിഞ്ഞ ദിവസം മഴ തോർന്നു നിൽക്കുന്നതു കണ്ടാണ് ഇന്ന് എറണാകുളം ജില്ല മുഴുവൻ അവധി പ്രഖ്യാപിക്കുന്നതിനു പകരം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏതാനും ഉപജില്ലകൾക്കു മാത്രം കളക്ടർ അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്പേ ജില്ലയിൽ മഴ കനത്തതോടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാർഥികളും മാതാപിതാക്കളും. ഒടുവിൽ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാർഥികളെ ഒരുക്കി സ്കൂളിൽ വിടേണ്ടി വന്നു മാതാപിതാക്കൾക്ക്. 

ഇന്നലെ മുതൽ വിദ്യാർഥികളും മാതാപിതാക്കളും കളക്ടറുടെ പേജിൽ കയറി അഭ്യർഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് രാവിലെ 8.25ന്. അപ്പോഴേക്കും കുട്ടികൾ സ്കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്‍റെ യാതൊരു ഗുണവും വിദ്യാർഥികൾക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. 

മിക്ക സ്കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. ഭവൻസ് സ്കൂളിനും പതിവു പോലെ ക്ലാസുണ്ടാകുമെന്നും മാതാപിതാക്കൾക്ക് ആവശ്യമെങ്കിൽ കൂട്ടിക്കൊണ്ടു പോകാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. തേവര എസ്എച്ച് സ്കൂളിൽ കലക്ടർ അവധി പ്രഖ്യാപിക്കും മുമ്പു തന്നെ അവധി പ്രഖ്യാപിച്ചതിനാൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടായില്ല. 

പ്രതിഷേധം കനത്തതോടെ വിശദീകരണവുമായി കളക്ടർ പുതിയ പോസ്റ്റിട്ടു. ''രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർത്ഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും അറിയിക്കുന്നു''- ഇതായിരുന്നു പോസ്റ്റ്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K