03 August, 2022 10:26:01 AM
മുവാറ്റുപുഴ കച്ചേരിതാഴം പ്രധാന പാലത്തിൽ ഗർത്തം; ടൗണിൽ വൻ ഗതാഗതക്കുരുക്ക്
മുവാറ്റുപുഴ: എംസി റോഡില്‍ കച്ചേരിത്താഴം പാലത്തിന് സമീപം വന്‍ഗര്‍ത്തം രൂപപ്പെട്ടു. അപ്രോച് റോഡില്‍ പാലത്തിന് സമീപത്തായി 10 മീറ്റര്‍ മാറിയാണ് ഗര്‍ത്തം രൂപപ്പെട്ടത്. ഇന്നലെ രാത്രി 9 മണിയോടെയാണ് പെട്ടന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള കുഴി ഉണ്ടായത്. ഗര്‍ത്തം അനുനിമിഷം വലുതാകുന്നത് പരിഗണിച്ച് ഇതുവഴിയുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. സ്ഥലത്ത് വണ്‍വേ സംവിധാനത്തിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പ്രധാന പാലത്തിൽ ഗർത്തം ഉണ്ടായതിനാൽ വാഹന ഗതാഗതം പഴയ പാലത്തിലൂടെ തിരിച്ചുവിടുകയാണ്. ഇതോടെ ടൗണിൽ വൻ ഗതാഗത കുരുക്ക് ഉണ്ടാകുന്നുണ്ട്. മുവാറ്റുപുഴ ടൗണിലൂടെ വിമാനത്താവളത്തിലേക്കും പോകുന്നവർ നേരത്തെ യാത്ര പുറപെടാനോ വേറെ വഴികൾ തിരഞ്ഞെടുക്കാനോ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. അപ്രോച്ച് റോഡിനടിയില്‍ മണ്ണ് ഒലിച്ചുപോയെന്ന സംശയമുള്ളതിനാല്‍ വിശദമായ പരിശോധന ഇന്ന് ഉണ്ടാകും.