30 July, 2022 05:52:49 PM


ബസിന്‍റെ വളയം പിടിച്ച് ജഡ്ജിയുടെ മകളായ കൊച്ചിയിലെ നിയമ വിദ്യാർഥിനി



കൊച്ചി: എറണാകുളം ലോ കോളേജിൽ പഠിക്കുന്ന 21 വയസ്സുകാരി ആൻ മേരി കഴിഞ്ഞ എട്ടു മാസമായി തന്റെ ഞായറാഴ്ചകൾ ചെലവഴിക്കുന്നത് മറ്റുള്ള കൂട്ടുകാരെ പോലെ അല്ല. കാക്കനാട് - പെരുമ്പടപ്പ് റൂട്ടിൽ ഹെയ്ഡേ എന്ന ബസ്സ് ഓടിച്ചു കൊണ്ടാണ് ഞായറാഴ്ചകൾ ആനന്ദകരമാക്കുന്നത്. സിറ്റിയിലെ തിരക്കിനിടയിലും മറ്റുള്ള ഡ്രൈവർമാരെ പോലെ അനായാസമായി ബസ് ഓടിക്കാൻ ആൻ മേരിക്ക് ഒരു പ്രത്യേക കഴിവുണ്ട്. പഠനത്തിന്റെ തിരക്കിനിടയിലും തന്റെ ഇഷ്ട ഹോബിയായ ഡ്രൈവിംഗിന് സമയം കണ്ടെത്തി ജീവിതം ആസ്വദിക്കുകയാണ് ആൻ മേരി.


കൊച്ചിയിലെ പോലെ തിരക്കുള്ള ഒരു സിറ്റിയിൽ ബസ് ഓടിക്കുക എന്നത് തന്നെ ശ്രമകരമായ ഒരു കാര്യമാണെന്ന് പയറ്റി തെളിഞ്ഞ ഡ്രൈവർമാർ പോലും സമ്മതിക്കുമ്പോൾ ആൻ മേരിക്കിത് ഹോബി എന്നതിലുപരി ഒരു ജനസേവനം കൂടിയാണ്. സിറ്റിയിലെ തിരക്കിലൂടെ ഞായറാഴ്ച ഒരു മുഴുവൻ ദിന ഡ്രൈവർ ഡ്യൂട്ടി എടുക്കുന്ന ആൻ മേരി പ്രതിഫലമായി ഒരൊറ്റ രൂപ പോലും വാങ്ങിക്കാറില്ലെന്നതും ശ്രദ്ധേയം.


കാക്കനാട് മുതൽ പെരുമ്പടപ്പ് വരെ ബസ് ഓടിയെത്താൻ ഏകദേശം ഒന്നര മണിക്കൂർ ആണ് എടുക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ അത് ഇതിലും കൂടും. കോൺട്രാക്ടറായ പിജി അൻസലന്റെയും പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ആയ സ്മിത ജോർജ്ജിന്റെയും മകളായ ആൻ മേരി എറണാകുളം ലോ കോളേജിലെ നാലാം വർഷ നിയമ വിദ്യാർഥിനി ആണ്. കൊച്ചിയിലെ ഈ കൊച്ചുമിടുക്കി ഇതിനോടകം വാർത്തകളിൽ ഇടം പിടിച്ചു കഴിഞ്ഞു.


ഞായറാഴ്ചകളിലും മറ്റു ഒഴിവു സമയങ്ങളിലും വണ്ടിയുടെ വളയം പിടിക്കാൻ കിട്ടുന്ന ഒരു ചാൻസ് പോലും ആൻ മേരി കളയാറില്ല. രാത്രി സ്ഥിരം ഡ്രൈവർ പമ്പിൽ നിർത്തി ഇടുന്ന വണ്ടി ഒറ്റയ്ക്ക് ഓടിച്ചു കുറച്ചു അപ്പുറത്തുള്ള ഉടമയുടെ വീട്ടിൽ കൊണ്ട് ഇടാനും ആൻ മേരി മുന്നിലുണ്ട്. ആദ്യമൊക്കെ തന്റെ വണ്ടിയിൽ കയറാൻ മടിച്ചും പേടിച്ചും ഒക്കെ നിന്ന യാത്രക്കാർ ഇപ്പോൾ മിക്ക ദിവസങ്ങളിലും താൻ ഓടിക്കുന്ന വണ്ടിക്കായി കാത്തു നിൽക്കുന്നതും പതിവാണെന്ന് ആൻ മേരി പറയുന്നു. ആൻ മേരിയുടെ കഥ ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും ചർച്ചയായിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K