26 July, 2022 05:48:44 PM


അമ്പത് ലക്ഷത്തിന്‍റെ കടം വീട്ടാൻ വീട് വിൽക്കാന്‍ ഒരുങ്ങിയപ്പോള്‍ ഒരു കോടി രൂപ ലോട്ടറി അടിച്ചു



കാസർകോട്: അമ്പത് ലക്ഷത്തോളം വരുന്ന കടം വീട്ടാനായി വീട് വിൽക്കാൻ തീരുമാനിച്ചതായിരുന്നു മഞ്ചേശ്വരത്തെ പെയിന്‍റിങ് തൊഴിലാളിയായ പാവൂരിലെ മുഹമ്മദ് എന്ന ബാവ (50). വീട് വിൽക്കുന്നതിന്‍റെ അഡ്വാൻസ് തുക തിങ്കളാഴ്ച വാങ്ങാനിരുന്നതുമായിരുന്നു. എന്നാൽ ഞായറാഴ്ച നറുക്കെടുത്ത കേരള ഭാഗ്യക്കുറിയുടെ ഫിഫ്റ്റി - ഫിഫ്റ്റി ടിക്കറ്റിന്‍റെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ബാവയെ തേടിയെത്തിയതോടെ ജീവിതമാകെ മാറിമറിഞ്ഞു.

വർഷങ്ങളോളം അധ്വാനിച്ച് ഉണ്ടാക്കിയ വീട് വിൽക്കാൻ തീരെ മനസില്ലായിരുന്നു. എന്നാൽ കടബാധ്യതയും ജപ്തിഭീഷണിയും പിടിമുറിക്കിയതോടെ മറ്റൊരു വഴിയും ഇല്ലാതായി. ഇതോടെയാണ് മനസില്ലാ മനസോടെ വീട് വിറ്റ് കടം തീർക്കാൻ ബാവ തീരുമാനിച്ചത്. എന്നാൽ ഫിഫ്റ്റി - ഫിഫ്റ്റി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ബാവയുടെ വിധി മാറ്റിമറിച്ചു.

നാല് പെൺമക്കൾ ഉൾപ്പടെ അഞ്ച് മക്കളാണ് ബാവയ്ക്ക്. ഇതിൽ രണ്ടു പെൺമക്കളെ കല്യാണം കഴിപ്പിച്ചു വിട്ടു. പെൺമക്കളുടെ വിവാഹവും വീട് നിർമ്മാണവുമാണ് പെയിന്‍റിങ് തൊഴിലാളിയായ ബാവയെ 50 ലക്ഷത്തിന്‍റെ കടക്കാരനാക്കിയത്. മകൻ വിദേശത്തുപോകുന്നതിന്‍റെ വിസ ചെലവിനുള്ള പണം പലിശയ്ക്ക് കടംവാങ്ങിയാണ് കണ്ടെത്തിയതും. ഇതും വലിയ ബാധ്യതയായി മാറി. കടംവീട്ടാൻ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായം തേടിയെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടു സുഹൃത്തുക്കൾ സഹായിക്കാൻ മുന്നോട്ടുവന്നെങ്കിലും കടം വീട്ടാൻ അത് മതിയായിരുന്നില്ല.

അങ്ങനെയാണ് വീട് വിൽക്കുക എന്ന കടുത്ത തീരുമാനത്തിലേക്ക് ബാവ എത്തിയത്. അതിനിടെ സ്ഥിരമായി ലോട്ടറി എടുക്കുന്ന ഹൊസങ്കിടിയിലെ അമ്മ ലോട്ടറി ഏജൻസിയിൽനിന്ന് എടുത്ത ടിക്കറ്റ് വഴി ഒരു കോടിയുടെ ഭാഗ്യമെത്തിയത്. വീട് വിൽക്കുന്നതിനുള്ള ടോക്കൺ അഡ്വാൻസ് കൈപ്പറ്റാനിരുന്ന ദിവസം തന്നെയാണ് ലോട്ടറിയടിച്ചുവെന്ന വാർത്തയും ബാവ അറിഞ്ഞത്. ഏതായാലും വീട് വിൽക്കാതെ തന്നെ കടബാധ്യത തീർക്കാമെന്ന ആശ്വാസത്തിലാണ് മുഹമ്മദ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K