16 July, 2022 05:46:44 PM
കുടുംബ കോടതികളുടെ പ്രവർത്തനം : സമൂല മാറ്റം അനിവാര്യം - ദേശീയ വനിതാ കമ്മീഷൻ
കൊച്ചി: കുടുംബ കോടതികളുടെ പ്രവർത്തനത്തിൽ സമൂല മാറ്റം അനിവാര്യമാണെന്ന് ദേശീയ വനിതാ കമ്മീഷൻ കൊച്ചി നുവാൽസിൽ സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കായുള്ള അഭിപ്രായരൂപീകരണ സമ്മേളനം അഭിപ്രായപ്പെട്ടു. നുവാൽസ് വൈസ് ചാൻസലർ ഡോ കെ സി സണ്ണി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ദേശീയ വനിതാ കമ്മീഷൻ ജോ സെക്രട്ടറി അഷോളി ചാലൈ മുഖ്യ പ്രഭാഷണം നടത്തി. നുവാൽസ് കുടുംബ വനിതാ കേന്ദ്രം ഡയറക്ടർ ഡോ ഷീബ എസ് ധർ , അസി പ്രൊഫ ഡോ അപർണ ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
കുടുംബ കോടതികളുടെ നടപടികളിൽ കഴിയുന്നത്ര അനൗപചാരികത ഉറപ്പു വരുത്തുക ,കുടുംബ കോടതികളുടെ ജഡ്ജിമാർ , അഭിഭാഷകർ , കൗൺസിലർമാർ എന്നിവർക്ക് പരിശീലനം നൽകുക, കുടുംബ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രാവീണ്യമുള്ളവരെ മാത്രം കൗൺസിലർമാരായി നിയമിക്കുക, കൂടുതൽ കുടുംബ കോടതികൾ സ്ഥാപിക്കുക, ഫീഡിങ് കേന്ദ്രങ്ങൾ , ശുചിമുറികൾ , വിശ്രമമുറികൾ എന്നിവയുൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുക , ഭാര്യാ ഭർതൃ തർക്കങ്ങൾ കഴിയുന്നതും ഒരേ കേസിനിന്റെ ഭാഗമാക്കി വ്യവഹാര ബാഹുല്യം കുറക്കുക തുടങ്ങിയ അഭിപ്രായങ്ങൾ സമ്മേളനത്തിൽ ഉരുത്തിരിഞ്ഞു.
മദ്രാസ് ഹൈക്കോടതിയിലെ അഡ്വ കവിത ബാലകൃഷ്ണൻ , തമിഴ്‌നാട്ടിലെ മീനാക്ഷി മെഡിക്കൽ കോളേജിലെ മനശ്ശസ്ത്രജ്ഞ ഡോ നാപ്പിയാനി എറണാകുളം കുടുംബകോടതി റിട്ട . ജില്ലാ ജഡ്ജി എൻ ലീലാമണി കേരള ഹൈക്കോടതിയിലെ അഭിഭാഷകരായ അഗസ്റ്റിൻ കണിയാമറ്റം , അനുപമ ശ്രീപതി , സുരേഷ് , തിരുവനന്തപുരം ജില്ലാ കോടതിയിലെ അഡിഷണൽ ഗവ പ്ളീഡർ അഡ്വ ഗീനാകുമാരി , എറണാകുളം ലോ കോളേജ് മുൻ പ്രിൻസിപ്പൽ പൗളിൻ റോസ് മത്തായി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
ചിത്രാവിവരണം : നുവാൽസിൽ നടന്ന ദക്ഷിണേന്ത്യൻ കുടുംബകോടതി സമ്മേളനം വൈസ് ചാൻസലർ ഡോ കെ സി സണ്ണി ഉദ്ഘാടനം ചെയ്യുന്നു. ദേശീയ വനിതാ കമ്മീഷൻ ജോ സെക്രട്ടറി അഷോളി ചാലൈ, ഡോ ഷീബ എസ് ധർ എന്നിവർ സമീപം .