04 July, 2022 09:33:12 AM
രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷമെന്ന് പൊലീസ് റിപ്പോർട്ട്
കൽപ്പറ്റ : രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് എസ്.എഫ്.ഐക്കാർ പോയ ശേഷം തന്നെയാണെന്ന് പൊലീസ് റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രങ്ങളും പൊലീസ് ഫോട്ടോഗ്രാഫറെടുത്ത ചിത്രങ്ങളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പൊലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. ചിത്രം തകർത്തത് എസ്.എഫ്.ഐ അല്ലെന്ന തരത്തിൽ തന്നെയാണ് റിപ്പോർട്ട്. കസേരയിൽ വാഴ വെച്ച ശേഷവും ചുമരിൽ ഗാന്ധി ചിത്രം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എസ്.എഫ്.ഐക്കാർ ഇറങ്ങിപ്പോയ ശേഷം വീണ്ടും ഇവരെത്തിയിരുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.
വയനാട് ജില്ലാ പൊലീസ് മേധാവി ഡി.ജി.പിക്കും അന്വേഷണ സംഘത്തെ നയിക്കുന്ന ക്രൈംബ്രാഞ്ച് മേധാവിക്കും നൽകിയ റിപ്പോർട്ടുകളിലാണ് എസ്.എഫ്.ഐക്കാർക്ക് ഗാന്ധി ചിത്രം തകർത്തതിൽ പങ്കില്ലെന്ന് വ്യക്തമാക്കുന്നത്. ഈ റിപ്പോർട്ടുകൾ ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുമുണ്ട്. അക്രമം കഴിഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ പോയ ശേഷം 4 മണിക്ക് പൊലീസ് ഫോട്ടോഗ്രാഫർ എടുത്ത ചിത്രത്തിൽ ഗാന്ധിയുടെ ചിത്രം ചുമരിലും ഫയലുകൾ മേശപ്പുറത്തും ഇരിക്കുന്നത് വ്യക്തമാണ്.
ഫോട്ടോഗ്രാഫർ ഫോട്ടോയെടുത്ത ശേഷം താഴേയ്ക്കിറങ്ങുമ്പോൾ കോൺഗ്രസ് പ്രവർത്തകർ മുകളിലേക്ക് കയറിപ്പോവുകയായിരുന്നു. വീണ്ടും 4.30ന് ഫോട്ടോഗ്രാഫർ മുകളിലെത്തി എടുത്ത ചിത്രങ്ങളിൽ ഓഫീസിൽ യു.ഡി.എഫ് പ്രവർത്തകർ നിൽക്കുന്നതും ഒരു ഫോട്ടോ ചില്ലുപൊട്ടി താഴെക്കിടക്കുന്നതും കാണാം. ഏറെ വിവാദമുണ്ടാക്കിയ സംഭവത്തിലാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ നിയമസഭ ഇന്ന് വീണ്ടും ചേരുകയാണ്. സ്വാഭാവികമായും ഈ റിപ്പോർട്ട് ഉയർത്തിക്കാട്ടിയാവും ഭരണപക്ഷം പ്രതിപക്ഷത്തെ പ്രതിരോധിക്കുന്നത്. എ.കെ.ജി സെന്റര്‍ ആക്രമണവും പി.സി ജോര്‍ജിന്റെ ആരോപണങ്ങളും ചര്‍ച്ചയായേക്കും.
മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ വീണ്ടും സമ്മേളിക്കുമ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തില്‍ നിറുത്താനുള്ള നീക്കങ്ങളിലാണ് പ്രതിപക്ഷം. മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ പി.സി ജോര്‍ജ് നടത്തിയ ഉന്നയിച്ച ആരോപണങ്ങള്‍ അവഗണിക്കാനാണ് സി.പി.എം തീരുമാനം. എന്നാല്‍ വിഷയം യു.ഡി.എഫ് ഏറ്റെടുക്കില്ലെന്ന കണക്കൂട്ടല്‍ തെറ്റിച്ച് ജോര്‍ജിനെ പിന്തുണച്ച് കെ. സുധാകരന്‍ രംഗത്ത് വന്നതോടെ രാഷ്ട്രീയ വാദ പ്രതിവാദങ്ങള്‍ ഉറപ്പായി.
സരിതയെ വിശ്വസിച്ച സര്‍ക്കാര്‍ എന്തുകൊണ്ട് സ്വപ്നയെ വിശ്വസിക്കുന്നില്ല എന്നാണ് കെ.പി.സി.സി പ്രസിഡന്‌റ് ചോദിച്ചത്. എ.കെ. ജി സെന്റര്‍ ആക്രമണം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാത്തതിലെ വീഴ്ച പ്രതിപക്ഷം സഭയില്‍ കൊണ്ടുവന്നാല്‍ സര്‍ക്കാര്‍ മറുപടി നല്‍കേണ്ടി വരും. പൊലീസിന്റേയും ആഭ്യന്തര വകുപ്പിന്റേയും വീഴ്ചകളാകും പ്രതിപക്ഷം പ്രധാനമായും ചൂണ്ടിക്കാട്ടുക. ഇതിന് പുറമെ നാളത്തെ സമ്മേളനത്തില്‍ ധനാഭ്യര്‍ത്ഥന ചര്‍ച്ചകളും നടക്കും.