30 June, 2022 12:32:31 PM


എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ ഞായറാഴ്ച പ്രവര്‍ത്തിക്കും



കൊച്ചി: ജില്ലയിലെ വിവിധ സർക്കാർ വകുപ്പുകളിലായി കെട്ടിക്കിടക്കുന്ന ആയിരക്കണക്കിന് ഫയലുകളിൽ തീർപ്പ് കൽപ്പിക്കാൻ തീവ്ര പരിപാടികൾ. ഒരു ദിവസം കൊണ്ട് ഒട്ടനവധി ഫയലുകളുടെ ചുവപ്പു നാട നീക്കാൻ ഒരുങ്ങുകയാണ് അധികൃതർ. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്‍റെ ഭാഗമായി എറണാകുളം ജില്ലയില്‍ വരുന്ന ഞായറാഴ്ച (ജൂലൈ 3) ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിക്കും.

അവധി ദിവസമാണെങ്കിലും എല്ലാ ഓഫീസുകളും അന്ന് തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ആ ഒറ്റ ദിവസം വിവിധ വകുപ്പുകളിലായി ആകെ 15,000 ഫയലുകള്‍ തീര്‍പ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്‍റെ നേതൃത്വത്തില്‍ കൃത്യമായ നിരീക്ഷണമുറപ്പാക്കിയാണ് ഫയല്‍ തീര്‍പ്പാക്കല്‍ ദിനം സംഘടിപ്പിച്ചിരിക്കുന്നത്.  ഓരോ വകുപ്പും അന്നേ ദിവസം തീര്‍പ്പാക്കിയ ഫയലുകളുടെ കണക്ക് ബന്ധപ്പെട്ട അധികാരികളെ അറിയിക്കും.

ഫയലുകള്‍ തീര്‍പ്പാക്കുന്നതിനുള്ള പ്രത്യേക കര്‍മ്മ പരിപാടി ആവിഷ്‌കരിച്ചാണ് ജില്ലയിലെ ഓരോ വകുപ്പും മുന്നോട്ട് പോകുന്നത്. മൂന്ന് തലത്തില്‍ ഈ നടപടികള്‍ വിലയിരുത്തുന്നുണ്ട്. ഒരോ ആഴ്ചയും അഡീഷ്ണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റും (എ. ഡി. എം), രണ്ടാഴ്ച കൂടുമ്പോള്‍ ജില്ലാ കളക്ടറും, മാസത്തില്‍ ജില്ലയുടെ ചുമതല കൂടിയുള്ള മന്ത്രിയായ പി.രാജീവിന്‍റെ നേതൃത്വത്തിലും അവലോകനം നടക്കും. ജൂണ്‍ 15 നാണ് ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം ആരംഭിച്ചത്. സെപ്റ്റംബര്‍ 30 നകം തീര്‍പ്പാനുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കുകയാണ് ലക്ഷ്യം .


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K