27 June, 2022 11:57:49 AM
അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കി; അസി.എന്‍ജിനീയര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കിയ കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. കെട്ടിട ഉടമ അബൂബക്കര്‍ സിദ്ദിഖ്, കോര്‍പറേഷനിലെ മുന്‍ അസി.എന്‍ജിനീയര്‍ പി.സി.കെ.രാജന്‍, കോര്‍പറേഷന്‍ എല്‍ഡി ക്ലര്‍ക്കുമാരായ എം.അനില്‍ കുമാര്‍, പി.കെ.സുരേഷ്, ഇടനിലക്കാരായ എം.യാഷിര്‍ അലി, ഇ.കെ.മുഹമ്മദ് ജിഫ്രി, പി.കെ.ഫൈസല്‍ അഹമ്മദ് എന്നിവരെയാണ് ഫറോക്ക് അസി. കമ്മിഷണര്‍ എ.എം.സിദ്ദിഖ് അറസ്റ്റു ചെയ്തത്.
കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ പാസ് വേഡ് ചോര്‍ത്തി 6 കെട്ടിടങ്ങളിലായി 16 മുറികള്‍ക്ക് കെട്ടിട നമ്പര്‍ അനുവദിച്ചെന്നതാണ് കേസ്. ഇതില്‍ ഒരു കെട്ടിടത്തിന് നമ്പര്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ് ഏഴു പേരെ അറസ്റ്റ് ചെയ്തത്. മറ്റു സംഭവങ്ങളില്‍ അന്വേഷണം തുടരുകയാണ്. സംഭവത്തില്‍ കോര്‍പറേഷന്‍ നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കെട്ടിട നമ്പര്‍ അനുവദിക്കാന്‍ ഉടമ 4 ലക്ഷം രൂപ നല്‍കിയെന്ന് കണ്ടെത്തിയിരുന്നു. വിവാദമായതോടെ പണം തിരികെ നല്‍കിയെന്ന് പ്രതികള്‍ മൊഴി നല്‍കി. കെട്ടിടത്തിന്‍റെ പുതുതായി നിര്‍മ്മിച്ച മൂന്നാംനില അനധികൃതമാണന്ന് കണ്ടെത്തി 2021 നവംബറില്‍ കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു.