25 June, 2022 02:52:33 PM
രാഹുലിന്‍റെ ഓഫീസ് ആക്രമണം; പ്രതിപട്ടികയില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും
കൽപ്പറ്റ: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച കേസിലെ പ്രതിപട്ടികയില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും. എസ്എഫ്‌ഐ വയനാട് മുന്‍ വൈസ് പ്രസിഡന്‍റായ അവിഷിത്തിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഇയാളെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസിനുമേല്‍ വന്‍ സമ്മര്‍ദമുണ്ടെന്നാണ് വിവരം. അക്രമസ്ഥലത്ത് അവിഷിത്ത് വൈകിയാണ് എത്തിയതെന്നാണ് നേതാക്കളുടെ വാദം. അതേസമയം ആക്രമണം ആസൂത്രണം ചെയ്തതിലടക്കം അവിഷിത്തിന് പങ്കുണ്ടെന്നാണ് പോലീസിന്‍റെ നിഗമനം.
ഈ മാസം ആദ്യം മുതല്‍ ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവിഷിത്ത് അവധിയിലായിരുന്നെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. അതേസമയം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാംഫംഗം ഉള്‍പ്പെടെ പ്രതിപട്ടികയില്‍ ഉള്ള സാഹചര്യത്തില്‍ കടുത്ത പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.
രാഹുലിന്‍റെ വയനാട് കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിച്ച കേസില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂടി ഇന്ന് അറസ്റ്റിലായി. ഇതോടെ കേസില്‍ 25 എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിനും കൈയേറ്റം ചെയ്തതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.