24 June, 2022 04:42:22 PM
കൊച്ചി പള്ളുരുത്തിയില്‍ നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം
കൊച്ചി: പള്ളുരുത്തിയില്‍ നാല് വയസ്സുകാരന് അദ്ധ്യാപകന്റെ ക്രൂരമര്‍ദ്ദനം. ഇംഗ്ലീഷ് വാക്കുകള്‍ പറയാത്തതിനാലാണ് ട്യൂഷൻ അദ്ധ്യാപകന്‍ മര്‍ദ്ദിച്ചതെന്ന് കുട്ടി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ അധ്യാപകന്‍ നിഖിലിനെ പള്ളുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത് അറസ്റ്റ് ചെയ്ത ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു. പള്ളുരുത്തിയില്‍ നിഖില്‍ ട്യൂഷന്‍ സെന്റര്‍ നടത്തി വരുന്നുണ്ട്.
എല്‍കെജിയിലാണ് മര്‍ദ്ദനമേറ്റ കുട്ടി പഠിക്കുന്നത്. ട്യൂഷന് വേണ്ടി നിഖിലിന്റെ സ്ഥാപനത്തിലും കുട്ടി പോയിരുന്നു. കഴിഞ്ഞ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലാണ് കുഞ്ഞിന് ഈ രീതിയില്‍ അദ്ധ്യാപകനില്‍ നിന്ന് മര്‍ദ്ദനമേറ്റു വാങ്ങേണ്ടി വന്നത്. ചൊവ്വാഴ്ച വീട്ടിലെത്തിയപ്പോള്‍ കുട്ടിക്ക് പനി ഉണ്ടായിരുന്നു. ഇതിന് പുറമെ മാനസികമായ ചില ബുദ്ധിമുട്ടുകളും കുഞ്ഞ് കാണിച്ചു. ഇതോടെയാണ് അടുത്തുള്ള ആശുപത്രിയിലേക്ക് അച്ഛനും അമ്മയും കുഞ്ഞിനെ കൊണ്ടു പോകുന്നത്.