03 June, 2022 11:56:58 AM
ഉമയ്ക്ക് റെക്കോർഡ് ഭൂരിപക്ഷം; തോൽവി സമ്മതിച്ച് സിപിഎമ്മും സ്ഥാനാർഥിയും
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ഉയര്‍ന്ന ഭൂരിപക്ഷം കരസ്ഥമാക്കി ഉമ തോമസ്. 2011 ലെ ബെന്നി ബഹന്നാന്റെ 22,406 ഭൂരിപക്ഷം മറികടന്നു. ഒരു റൗണ്ട് വോട്ടെണ്ണല്‍ അവശേഷിക്കെ ഉമയുടെ ലീഡ് 22,483 ആയി. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ പി.ടി.തോമസിന്റെ ലീഡ് ഉമാ തോമസ് മറികടന്നതും ശ്രദ്ധേയമായി.
വോട്ടെണ്ണിയ സ്ഥലങ്ങളിലെല്ലാം ഉമ വ്യക്തമായ മുന്നേറ്റമാണ് നടത്തിയത്. പത്ത് റൗണ്ടുകളിൽ ഒന്നിൽ പോലും എൽഡിഎഫ് സ്ഥാനാർഥിക്ക് മേൽകൈ നേടാൻ കഴിഞ്ഞില്ല. വോട്ടെണ്ണൽ പകുതി പിന്നിട്ടപ്പോൾ തന്നെ സിപിഎം നേതൃത്വം തോൽവി സമ്മതിക്കുകയും ചെയ്തു.
കൊച്ചിയുടെ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം തുടങ്ങി. ആദ്യ നാല് റൗണ്ട് പിന്നിട്ടപ്പോൾ തന്നെ പ്രവർത്തകർ ജയം ഉറപ്പിച്ച മട്ടിലായിരുന്നു. വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള നേതാക്കളെല്ലാം എറണാകുളം ഡിസിസി ഓഫീസിൽ എത്തിയിട്ടുണ്ട്.
ഉമാ തോമസിൻ്റെ വിജയം അംഗീകരിക്കുന്നതായി എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ്. ജനവിധി അംഗീകരിക്കുന്നു. എന്നെ പാർട്ടി ഉത്തരവാദിത്വം ഏൽപ്പിച്ചു. അത് തന്നാലാവും വിധം ഏറ്റവും ഭംഗിയായി നിറവേറ്റി. തോൽവിയുടെ കാരണങ്ങൾ പാർട്ടി പരിശോധിക്കട്ടേ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.