27 May, 2022 02:14:57 PM


സ്വിഫ്റ്റ് ബസ് തൂണൂകൾക്കിടയിൽ കുടുങ്ങി; പുറത്തെടുത്തത് പില്ലര്‍ ഗാര്‍ഡ് പൊളിച്ച ശേഷം



കോഴിക്കോട്: കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്‍റെ തൂണുകള്‍ക്കിടയില്‍ കെസ്വിഫറ്റ് ബസ് കുടുങ്ങി.  ബെംഗളൂരുവിൽനിന്ന് കോഴിക്കോട് എത്തിയ KL 15 A 2323 ബസാണ് കുടുങ്ങിയത്. ഗ്ലാസ് പൊട്ടിക്കുകയോ തൂൺ മുറിക്കുകയോ ചെയ്യാതെ ബസ് പുറത്തിറക്കാനാകാത്ത സ്ഥിതിയായായിരുന്നു. മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ തൂണിലെ ഗാര്‍ഡ് ഘടിപ്പിച്ചിരിക്കുന്ന ഭാഗം പൊളിച്ചുമാറ്റിയ ശേഷമാണ് ബസ് പുറത്തിറക്കാന്‍ കഴിഞ്ഞത്.

ഇന്നലെ രാത്രി ബെംഗളൂരുവില്‍ നിന്നെത്തി യാത്രക്കാരെ ഇറക്കിയ ശേഷമാണ് തൂണുകള്‍ക്കിടയില്‍ ഒട്ടിച്ച നിലയില്‍ ഡ്രൈവർ ബസ് പാര്‍ക്ക് ചെയ്ത് പോയത്. രാവിലെ  എത്തിയ ജീവനക്കാര്‍ ബസിന്‍റെ കിടപ്പ് കണ്ട് ആശങ്കയിലായി. പിന്നാലെ ബസ് പുറത്തിറക്കാനുളള പല പരീക്ഷണങ്ങളും നടന്നു. ടയറിന്‍റെ കാറ്റ് പാതി അഴിച്ച് വിട്ട് ബസ് തളളി പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മറ്റു ചില നിര്‍ദ്ദേശങ്ങളും ഉയര്‍ന്നെങ്കിലും വിലകൂടിയ വണ്ടിയായതിനാല്‍ പലരും പിന്‍മാറി.

ഒടുവില്‍ തൂണുകളില്‍ സ്ഥാപിച്ചിട്ടുളള ഇരുമ്പ് വളയം പൊട്ടിച്ച് വിടവ് ഉണ്ടാക്കി പുറത്തിറക്കാനായി ശ്രമം. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഈ നീക്കം വിജയിച്ചു. വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ ജയചന്ദ്രനാണ് വണ്ടി പുറത്തിറക്കിയത്. അതേ സമയം, ബസ് കുടുങ്ങിയ സംഭവത്തിൽ സിഎംഡി വിശദമായ  റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K