25 May, 2022 03:42:05 PM


വെണ്ണല പ്രസംഗം: പി.സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി



കൊച്ചി: വെണ്ണലയിലെ  മതവിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. നിയമം അനുസരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി പാലാരിവട്ടം പൊലീസാണ് വെണ്ണല ശിവക്ഷേത്രത്തിലെ വിദ്വേഷ പ്രസംഗക്കേസിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് പി സി ജോ‍ർജിന് നോട്ടീസ് നല്‍കിയത്. കേസെടുത്തിതിന് തൊട്ടുപിന്നാലെ ജോർജ് ഒളിവിൽപ്പോയിരുന്നു. ഹൈക്കോടതി നൽകിയ ഇടക്കാല ജാമ്യത്തിന്‍റെ ബലത്തിലാണ് പി സി ജോർജ് പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത്. കേസിൽ അറസ്റ്റ് ചെയ്താൽ ജാമ്യം നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു.

പി സി ജോർജിന്‍റെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടാനാണ് പൊലീസ് നീക്കം. ഇതിനിടെ പിസി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നൽകിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി. ക്ഷേത്ര അധികൃതർ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് പി സി ജോർജ് വിവാദ പരാർമശങ്ങൾ നടത്തിയത്.  കേസ് പരിഗണിച്ച ദിവസം പ്രതിഫലം ബാങ്കിലൂടെ അഭിഭാഷകന് കൈമാറിയതിന്റെ രേഖയാണ് പുറത്തുവന്നത്. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയംഗങ്ങളും സ്ഥിരീകരിച്ചു.

അതേസമയം മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിന്‍റെ ജാമ്യം തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റദ്ദാക്കി. പൊലീസിന്‍റെ അപേക്ഷയിലാണ് വിധി. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലെ പ്രസംഗത്തിനെതിരെയാണ് പൊലീസ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ജോർജ്ജിന് ജാമ്യം ലഭിച്ചിരുന്നു. ഈ ജാമ്യം റദ്ദാക്കണമെന്നാണ് പൊലീസിന്‍റെ ആവശ്യം. പി സി ജോർജ്ജ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നും കൊച്ചിയിൽ വീണ്ടും മതവിദ്വേഷ പ്രസംഗം നടത്തിയതിന് കേസെടുത്തുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രസംഗം കോടതി നേരിട്ട് പരിശോധിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K