21 May, 2022 01:12:06 PM
ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; പഞ്ചായത്ത് വൈസ്പ്രസിഡന്റ് അറസ്റ്റിൽ
കോഴിക്കോട്: മുക്കുപണ്ട പണയ തട്ടിപ്പിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിൽ. കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പൊലുകുന്നത്താണ് പിടിയിലായത്. ബംഗളൂരുവിൽ നിന്നാണ് ബാബുവിനെ പോലീസ് പിടികൂടിയത്. കൊടിയത്തൂർ ഗ്രാമീൺ ബാങ്ക്, പെരുമണ്ണ സഹകരണ ബാങ്ക്, കാർഷിക വികസന ബാങ്ക് മുക്കം ശാഖ എന്നിവിടങ്ങളിലാണ് മുക്കുപണ്ടം പണയം വച്ച് ബാബുവും സംഘവും തട്ടിപ്പ് നടത്തിയത്. ഈ ബാങ്കുകളിൽ നിന്ന് 32 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.
കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ബാങ്ക് അപ്രൈസർ മുക്കം സ്വദേശി മോഹനൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയിരുന്നു. കോഴിക്കോട് രണ്ടാം ഗേറ്റിന് സമീപത്തുവച്ച് മോഹനൻ ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മോഹനനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിച്ചു.
കേസിൽ നേരത്തെ കസ്റ്റഡിയിലായ കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു, സന്തോഷ്, ഷൈനി, ഇന്ന് അറസ്റ്റിലായ ബാബു എന്നിവരെയാണ് പോലീസ് പ്രതി ചേർത്തത്. തട്ടിപ്പ് പുറത്ത് വന്നതിനെ തുടർന്ന് ബാബു പെലുകുന്നത്തിനെയും വിഷ്ണുവിനെയും കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.