18 May, 2022 09:09:53 PM


വിവാദങ്ങള്‍ക്ക് വിട: കോടഞ്ചേരി ഷെജിനും ജോയ്സനയും വിവാഹം രജിസ്റ്റർ ചെയ്തു



കോഴിക്കോട്: മിശ്രവിവാഹ വിവാദത്തിനിടയാക്കിയ സംഭവങ്ങൾക്കൊടുവിൽ കോടഞ്ചേരിയിലെ ഷെജിനും ജോയ്സനയും വിവാഹം രജിസ്റ്റർ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം രജിസ്റ്റർ ചെയ്തത്. സിപിഎം-ഡിവൈഎഫ്ഐ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ്, സിപിഎം തിരുവമ്പാടി ഏരിയാ കമ്മിറ്റി അംഗങ്ങളായ ഷിജി ആന്‍റണി, കെ പി ചാക്കോച്ചൻ എന്നിവരും സന്നിഹിതരായിരുന്നു.

കോടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ഷെജിൻ എം.എസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും സൌദിയിൽ നഴ്സുമായിരുന്ന ജോയ്സന ജോസഫും തമ്മിലുള്ള പ്രണയവും നാടുവിടലും വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതര സമുദായക്കാരായ ഷെജിൻ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന്ന ചൂണ്ടിക്കാട്ടി ജോയ്സനയുടെ പിതാവ് ജോസഫ് പൊലീസിലും കോടതിയിലും പരാതി നൽകിയിരുന്നു. സംഭവത്തെത്തുടർന്ന് വൈദികരുടെ നേതൃത്വത്തിൽ നടന്ന പൊലീസ് സ്റ്റേഷൻ മാർച്ചിൽ സംഘർഷാവസ്ഥയുണ്ടായിരുന്നു.

അതിനിടെ സംഭവത്തിൽ ലവ് ജിഹാദ് ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ് എം തോമസ് രംഗത്തെത്തിയത് പാർട്ടിക്കുള്ളിൽ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടെ ജോയ്സനയെ തട്ടിക്കൊണ്ടുപോയതാണെന്ന പിതാവിന്‍റെ പരാതി ഹൈക്കോടതി തള്ളുകയും ചെയ്തു. ഷെജിന്‍റെയും ജോയ്സനയുടെയും വിശദീകരണം കേട്ട കോടതി ഇരുവരെയും ഒരുമിച്ച് പോകാൻ അനുവദിക്കുകയായിരുന്നു.

വിവാദങ്ങൾ അവസാനിപ്പിക്കണമെന്നും മാതാപിതാക്കളെ പിന്നീട് പോയി നേരിൽ കാണുമെന്നും ജോയ്സനയും ഷെജിനും പ്രതികരിച്ചിരുന്നു. സ്വന്തം ഇഷ്ടമനുസരിച്ചാണ് ഷെജിനൊപ്പം പോയതെന്നും തങ്ങള്‍ വിവാഹിതരായെന്നും വ്യക്തമാക്കിക്കൊണ്ടുളള പെണ്‍കുട്ടിയുടെ വീഡിയോ നേരത്തെ പുറത്ത് വന്നിരുന്നു.  സൗദിയില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജോസ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായാണ് നാട്ടിലെത്തിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K