16 May, 2022 07:20:21 PM


പാലത്തിന്‍റെ ബീം തകര്‍ന്നത് നിര്‍മാണത്തകരാറല്ല; ജാക്കിയുടെ തകരാറെന്ന് ഊരാളുങ്കല്‍



കോഴിക്കോട്: നിര്‍മാണത്തിലിരിക്കുന്ന കൂളിമാട് - മലപ്പുറം പാലത്തിന്‍റെ ബീമുകൾ തകർന്നത് നിർമാണത്തകരാറല്ലെന്ന് ഊരാളുങ്കൽ സൊസൈറ്റി. ബീം ചരിഞ്ഞത് അത് ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഹൈഡ്രോളിക് ജാക്കിക്ക് പെട്ടെന്നുണ്ടായ തകരാറാണെന്നാണ് വിശദീകരണം. ബീം തകർന്നത് നിര്‍മാണത്തകരാറോ അശ്രദ്ധയൊ അല്ലെന്നും നിര്‍മാണത്തിന് ഉപയോഗിച്ച ഒരു യന്ത്രത്തിനുണ്ടായ തകരാര്‍ മാത്രമാണെന്നും ഊരാളുങ്കൽ വ്യക്തമാക്കിയതായി ദേശാഭിമാനി റിപ്പോർട്ട് ചെയ്യുന്നു.

മുന്‍കൂട്ടി വാര്‍ത്ത ബീമുകള്‍ ഉറപ്പിക്കുന്നത് തൂണിനു മുകളില്‍ ഉറപ്പിക്കുന്ന ബെയറിങ്ങിനു മുകളിലാണ്. അതിനായി ബീം ഉയര്‍ത്തിനിര്‍ത്തും. അതിനടിയില്‍ ബെയറിങ് പാഡ് വച്ച് കാസ്റ്റിങ്ങും സ്‌റ്റ്രെസ്സിങ്ങും ചെയ്യും. ശേഷം ബീം മെല്ലെ താഴ്ത്തി ഇതിന് മുകളില്‍ ഉറപ്പിക്കും. ജാക്കികള്‍ ഉപയോഗിച്ചാണ് ഒരു ബീം ഉയര്‍ത്തി നിര്‍ത്തുന്നത്. ഇവ പ്രവര്‍ത്തിപ്പിച്ചാണ് ബീം താഴ്ത്തി തിരികെ ഉറപ്പിക്കുന്നതും. ഇങ്ങനെ ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു ബീം ഉറപ്പിക്കാനായി താഴ്ത്തുന്നതിനിടെ താങ്ങിനിര്‍ത്തിയിരുന്ന ജാക്കികളില്‍ ഒന്ന് പ്രവര്‍ത്തിക്കാതാകുകയായിരുന്നുവെന്നാണ് വിശദീകരണം.

ഇതോടെ ബീം മറുവശത്തേക്ക് ചരിഞ്ഞു. ഈ പാലത്തിന്‍റെ നിർമാണത്തിന് സ്ലാബിനെ താങ്ങി നിർത്താൻ മൂന്ന് ബീമുകളാണ് വേണ്ടത്. ഇതിൽ ഒരു അരികിലെ ബീമാണ് ചാഞ്ഞത്. ഈ ബീം നടുവിലുള്ള ബീമിൽ മുട്ടിനിന്നു. ഇതോടെ നടുവിലെ ബീം ചരിഞ്ഞ് തൊട്ടപ്പുറത്തെ ബീമിലും മുട്ടി ആ ബീം മറിയുകയായിരുന്നു. പാലത്തിന്‍റെ നിർമാണം ഗുണമേന്മയോടെയാണ് നടന്നു വരുന്നതെന്നാണ് ഊരാളുങ്കല്‍ അവകാശപ്പെടുന്നത്. മാനുഷികമോ നിര്‍മാണപരമോ ആയ എന്തെങ്കിലും പിഴവ് ഉണ്ടായിട്ടില്ല. 

ഗര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് പാലം നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും ഊരാളുങ്കല്‍ വ്യക്തമാക്കി. ഇന്ന് രാവിലെയാണ് മാവൂരില്‍ നിർമാണത്തിലിരുന്ന കൂളിമാട് മലപ്പുറം പാലം തകര്‍ന്നത്. പാലത്തിന്‍റെ ബീമുകള്‍ ഇളകി പുഴയില്‍ വീണു. ചാലിയാറിന് കുറുകെ മലപ്പുറം - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. രണ്ടു കൊല്ലമായി ചാലിയാറിന് കുറുകെയുള്ള പാലം പണി നടന്നു കൊണ്ടിരിക്കുകയായിരുന്നു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലമാണിത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K