16 May, 2022 06:54:26 PM


പെരുമ്പാമ്പ് മുട്ടയിട്ടു; നാലുവരി ദേശീയപാതയുടെ നിർമാണം 54 ദിവസം നിര്‍ത്തിവച്ചു



കാസർഗോഡ്: പെരുമ്പാമ്പ് മുട്ടയിട്ടതുകാരണം റോഡ് പണി നിർത്തിവെച്ച് ഊരാളുങ്കൽ സൊസൈറ്റി. കാസര്‍കോട് നിര്‍മ്മിക്കുന്ന നാലുവരി ദേശീയ പാതയുടെ നിര്‍മ്മാണമാണ് പാമ്പിന്റെ മുട്ടകള്‍ വിരിയുന്നതിന് വേണ്ടി 54 ദിവസം സൊസൈറ്റി നിര്‍ത്തിവച്ചത്. എന്‍എച്ച് 66ന്‍റെ വീതി കൂട്ടുന്നതിനുള്ള ജോലികളാണ് നടന്നുവന്നത്.

മാർച്ച് 20 നാണ് സിപിസിആര്‍ഐയ്ക്ക് സമീപം കലുങ്ക് നിർമാണത്തിനിടയിൽ തൊഴിലാളികള്‍ പെരുമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. റോഡ് നിരപ്പില്‍ നിന്ന് നാലടി താഴെയായാണ് പാമ്പിന്റെ മാളം കണ്ടെത്തിയത്. ഇത് മാറ്റാതെ കലുങ്ക് നിർമാണം തുടരാനാകില്ല. തുടര്‍ന്ന് വനംവകുപ്പാണ് പാമ്പിനെ മാറ്റുന്നതുവരെ പണി നിര്‍ത്തിവയ്ക്കാന്‍ സാധിക്കുമോയെന്ന് സൊസൈറ്റിയോട് ആരായുന്നത്.

പാമ്പിനെ മാറ്റാനായി പാമ്പു പിടുത്തക്കാരനായ അമീനേയും വിളിച്ചു വരുത്തി. പാമ്പിനെ മാറ്റാനായി ശ്രമിക്കുമ്പോഴാണ് മുട്ടകള്‍ക്ക് അടയിരിക്കുകയാണെന്ന് മനസ്സിലായത്. വനംവകുപ്പുമായി ആലോചിച്ച ശേഷമായിരുന്നു സൊസൈറ്റിയുടെ നടപടി. പാമ്പിനെ മാറ്റുന്നത് ശരിയല്ലെന്ന് കാസർഗോഡ് സ്വദേശിയായ നേപ്പാള്‍ മിഥില വൈല്‍ഡ് ലൈഫ് ട്രസ്റ്റിലെ വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഹെഡ് മവീഷ് കുമാർ നിർദേശിച്ചു. 27 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 31 ഡിഗ്രിവരെ ചൂടാണ് പെരുമ്പാമ്പിന്റെ മുട്ട വിരിയാൻ വേണ്ടത്. മുട്ട വിരിയാൻ അമ്മ പാമ്പിന്റെ ചൂട് നിർബന്ധമാണ്.

തുടർന്നാണ് റോഡ് പണി നിർത്തിവെക്കാൻ ഊരാളുങ്കൽ സൊസൈറ്റി തീരുമാനിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരം, ഷെഡ്യൂള്‍ 1 ഇനത്തിൽപെട്ട ജീവിയാണ് പെരുമ്പാമ്പ്. പാമ്പ് പിടുത്തക്കാരൻ അമീൻ എല്ലാ ദിവസവും എത്തി മുട്ടകൾ പരിശോധിച്ചു. 54-ാം ദിവസം മുട്ടകള്‍ വിരിഞ്ഞു തുടങ്ങിയതോടെ അമീൻ പാമ്പിന്‍ കുഞ്ഞുങ്ങളെയും മുട്ടകളെയും വീട്ടിലേക്ക് മാറ്റി. മുട്ടകള്‍ വിരിഞ്ഞുതുടങ്ങിയാല്‍ അമ്മ പാമ്പിന്റെ ആവശ്യമില്ല. ഇനി 24 മുട്ടകളാണ് വിരിയാനുള്ളത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K