13 May, 2022 01:40:34 PM
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് പലിശയ്ക്ക് അർഹത ഇല്ല - സുപ്രീംകോടതി
കൊച്ചി: മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് പലിശയ്ക്ക് അർഹത ഇല്ലെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരത്തിന് പുറമെ പലിശ കൂടി നൽകണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഫ്ലാറ്റുടമകൾക്കായി 115 കോടി രൂപയാണ് നിർമാതാക്കൾ നൽകേണ്ട നഷ്ടപരിഹാരം തുക. അതിനിടെ മരടിൽ അനധികൃത ഫ്ലാറ്റ് നിർമ്മാണത്തിന് പിന്നിലെ ഉത്തരവാദികളെ കണ്ടെത്താൻ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ കഴിഞ്ഞ ദിവസം കോടതി നിയോഗിച്ചിരുന്നു. റിട്ടയേർഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്.
തീരദേശ നിയമം ലംഘിച്ച് നിര്‍മ്മാണം നടത്തിയതിന്‍റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കിയത്. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്‍റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11,12 തിയതികളിലാണ് മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ച് നീക്കിയത്.
നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളിൽ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.