09 May, 2022 07:21:46 PM
ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; കടയുടമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
കാസര്‍കോട്: ഷവര്‍മ്മയില്‍ നിന്ന് വിഷബാധയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ കാസര്‍കോട്ടെ കടയുടമയ്‌ക്കെതിരെ പൊലീസിന്റെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
കുഞ്ഞഹമ്മദിന്റെ കൂള്‍ബാറില്‍നിന്ന് ഷവര്‍മ കഴിച്ചാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിച്ചതും 59 പേര്‍ ആശുപത്രിയിലായതും. കേസില്‍ കൂള്‍ബാര്‍ മാനേജര്‍, മാനേജിങ് പാര്‍ട്ണര്‍, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കൂള്‍ ബാറിന്റെ ഉടമ വിദേശത്താണെന്ന് പൊലീസ് അറിയിച്ചു. സ്ഥാപനത്തിന് ലൈസന്‍സ് ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.
ചെറുവത്തൂരില്‍നിന്നും ശേഖരിച്ച ഷവര്‍മ സാംപിളിന്റെ ഭക്ഷ്യസുരക്ഷാ പരിശോധനാ ഫലം പുറത്തുവന്നിരുന്നു. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയതായിരുന്നു. ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഈ സാംപിളുകള്‍ 'അണ്‍സേഫ്' ആയി സ്ഥിരീകരിച്ചെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു.