29 April, 2022 05:31:19 PM
ആസാം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ
ആലുവ: വീട്ടിൽ പ്രസവിച്ച ആസാം സ്വദേശിനിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ആസാം സ്വദേശിയും നിലവിൽ ആലുവ കൈപ്പൂരിക്കര ചെമ്പറക്കിയിൽ താമസവുമായ ബോട്ടുവിൻ്റെ ഭാര്യ ജാൻമോണി(25) ആണ് വീട്ടിൽ പെൺ കുഞ്ഞിന് ജന്മം നൽകിയത്.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പ്രദേശത്തെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികളാണ് ബോട്ടുവും ഭാര്യയും. ഇതിന് സമീപമാണ് ഇവരുടെ താമസവും. ജാൻമോണിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത് അനുസരിച്ച് ഫാക്ടറിയിൽ ജോലിക്ക് എത്തിയ തൊഴിലാളിയായ സന്തോഷാണ് കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടിയത്.
ഉടൻ തന്നെ കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം ആലുവ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് പൈലറ്റ് അനൂപ് പി.പി, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജെസ്‌ലിൻ വർഗീസ് എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. എന്നാൽ ആംബുലൻസ് എത്തുന്നതിനു മുൻപ് തന്നെ ജാൻമോണി കുഞ്ഞിന് ജന്മം നൽകി. ഇതിനിടയിൽ ആംബുലൻസ് സംഘവും സ്ഥലത്തെത്തി.
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജെസ്‌ലിൻ ഉടൻ തന്നെ അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസിലേക്ക് മാറ്റിയ ഇരുവരെയും പൈലറ്റ് അനൂപ് കളമശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. ബോട്ടു ജാൻമോണി ദമ്പതികളുടെ നാലാമത്തെ കുഞ്ഞാണ് ഇത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.