27 April, 2022 11:50:44 AM
പോക്സോ പ്രതി ഓടിപ്പോയതെന്നു പോലീസ്; ഇറക്കിക്കൊണ്ടു പോയതെന്നു ബന്ധുക്കൾ
കോഴിക്കോട്: കസ്റ്റഡിയിൽ എടുക്കാനെത്തിയ പോലീസിനെ കണ്ട് ഓടിയ പോക്സോ കേസ് പ്രതി മരിച്ചു. ചെറുവണ്ണൂർ കമാന പാലത്തിനു സമീപം നാരാണത്ത് വീട്ടിൽ ജിഷ്ണു (26) ആണു മരിച്ചത്. കൽപറ്റ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതുപ്രകാരം രാത്രി 10നു നല്ലളം എസ്ഐ കെ.രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ പോലീസ് അന്വേഷണത്തിന് എത്തിയതായിരുന്നു. വഴിയിൽ വച്ച് ഇയാളെ കണ്ടു പോലീസ് തിരക്കിയപ്പോൾ രാഹുൽ എന്നാണ് പേര് പറഞ്ഞത്.
ഇതോടെ വീട്ടിലേക്കു ജിഷ്ണുവിനെ തിരഞ്ഞു പോയ പോലീസ് തിരിച്ചു വരുമ്പോൾ ഒരാൾ ഓടിപ്പോകുന്നതായി വിവരം കിട്ടി. സംശയം തോന്നി പിന്തുടർന്നു പോയപ്പോൾ വീടിനു സമീപത്തെ മതിലിനടുത്തു വീണു കിടക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
നല്ലളം പൊലീസ് അസ്വാഭാവിക മരണത്തിനു കേസ് റജിസ്റ്റർ ചെയ്തു. അതേസമയം, യുവാവിനെ പോലീസ് വീട്ടില്‍നിന്ന് ഇറക്കികൊണ്ടുപോകുകയായിരുന്നുവെന്നു ബന്ധുക്കള്‍ ആരോപിച്ചു. വയനാട്ടില്‍ ഒരു കേസുണ്ടെന്നും അതിന്‍റെ ഫൈനായി 500 രൂപ അടയ്ക്കണമെന്നും പറഞ്ഞാണ് പോലീസ് ജിഷ്ണുവിനെ കൂട്ടിക്കൊണ്ട് പോയതെന്നു ബന്ധുക്കള്‍ പറയുന്നത്.
ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കുമെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നുകൊണ്ടിരിക്കയാണ്. അതിനു ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ. ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.