24 April, 2022 01:58:38 PM
മോഫിയാ കേസ്; സിഐ സുധീറിന്റെ സസ്പെൻഷൻ പിൻവലിച്ച നടപടിക്കെതിരെ പിതാവ്
കൊച്ചി: നിയമവിദ്യാർഥിനി മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിലെ ആരോപണ വിധേയനായ പോലീസുകാരന്റെ സസ്പെൻഷൻ പിൻവലിച്ചതിനെതിരെ കുടുംബം. സസ്പെൻഷനിലായിരുന്ന സിഐ സി.എൽ. സുധീറിനെ വീണ്ടും ജോലിയിൽ പ്രവേശിപ്പിച്ചതിനെതിരെ മൊഫിയയുടെ പിതാവാണ് രംഗത്തെത്തിയത്.
സിഐ സുധീറിന്റെ സസ്പെൻഷൻ പിൻവലിച്ചത് തെറ്റായ നടപടിയാണ്. മോഫിയയുടെ ആത്മഹത്യയിൽ സിഐക്ക് പങ്കുണ്ട്. സിഐക്കെതിരായ റിപ്പോർട്ടാണ് സർക്കാരിലേക്ക് പോയത്. പിന്നീട് എന്താണ് സംഭവിച്ചെന്നറിയില്ല.
ഇപ്പോൾ അർത്തുങ്കൽ എസ്എച്ച്ഒ ആയാണ് സുധീറിനെ നിയമിച്ചിരിക്കുന്നത്. ഒന്നാം പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്നും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഇയാൾക്കെതിരെ ആത്മഹത്യപ്രരണക്ക് കേസെടുക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. കേസ് അന്വേഷണത്തിൽ ഗുരുതര അലംഭാവം ഉണ്ടായതായും മൊഫിയയുടെ പിതാവ് ദിൽഷാദ് സലീം പറഞ്ഞു.
ഭർത്തൃഗൃഹത്തിലെ പീഡനത്തെ തുടർന്നാണ് ആലുവ സ്വദേശിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയത്. ആലുവ സ്റ്റേഷൻ സിഐ ആയിരുന്ന സി.എൽ. സുധീറിനെതിരെയും കുറിപ്പ് എഴുതിവെച്ചായിരുന്നു മൊഫിയ ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് ഇയാൾക്കെതിരെ നടപടിയുണ്ടായത്.