11 April, 2022 07:04:03 PM
തൃക്കാക്കര: ചലഞ്ച് ചെയ്യുന്ന സ്ഥാനാർത്ഥിയാവും കോൺഗ്രസിന്റേത് - കെ. സുധാകരൻ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മികച്ച സ്ഥാനാർത്ഥിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. ആരുവന്നാലും ചലഞ്ച് ചെയ്യുന്ന സ്ഥാനാർത്ഥിയാകും മത്സര രംഗത്തുണ്ടാവുക. ആദ്യഘട്ട ചർച്ചകൾ നടന്നെന്നും തീരുമാനം അധികം വൈകാതെ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
തൃക്കാക്കര യു.ഡി.എഫിന്‍റെ ഉറച്ച സീറ്റായാണ് കോൺഗ്രസ് വിലയിരുത്തിയിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പിൽ ആരുനിന്നാലും ജയിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. മണ്ഡലം ഉണ്ടായശേഷം നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് മികച്ച വിജയമാണ് ലഭിച്ചത്. 2011ൽ ബെന്നി ബഹനാൻ 22,406 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. 2016ൽ പി.ടി. തോമസിന്‍റെ ഭൂരിപക്ഷം 11,996 ആയിരുന്നു. 2021ൽ പി.ടി ഭൂരിപക്ഷം 14,329 ആക്കി വർദ്ധിപ്പിച്ചു.
ഉപതിരെഞ്ഞെടുപ്പ് സിപിഎമ്മിനാണ് അഗ്‌നിപരീക്ഷയാവാൻ പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പരാജയത്തിനെതിരെ പരാതി ഉണ്ടായപ്പോൾ അന്വേഷണം നടത്തി കുറ്റക്കാരായ മുതിർന്ന നേതാവിനെയും ഏരിയാ സെക്രട്ടറിയെയുമെല്ലാം അവർ സസ്‌പെൻഡ് ചെയ്തിരുന്നു. തിരിച്ചടി നേരിട്ടാൽ പാർട്ടിയെടുത്ത അച്ചടക്ക നടപടികൾ അപ്രസക്തമാവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പി.ടി.ക്കെതിരേ വലിയ പ്രചാരണം നടത്തിയ ട്വന്‍റി 20 ഇപ്പോൾ വിവാദങ്ങൾക്ക് നടുവിലാണ്.