04 April, 2022 07:55:00 PM
സിഐടിയുവിന്റെ സഹായം വേണ്ട: മൂവാറ്റുപുഴയിൽ വീട് ജപ്തി ചെയ്യപ്പെട്ട കുടുംബം
മൂവാറ്റുപുഴ: സിഐടിയുവിന്റെ സഹായം നിരസിച്ച് മൂവാറ്റുപുഴയിൽ വീട് അർബൻ ബാങ്ക് ജപ്തി ചെയ്ത കുടുംബം. ബാങ്ക് ജീവനക്കാരുടെ സഹായം തനിക്ക് വേണ്ടെന്ന് പായിപ്ര പയത്തിൽ വലിയപറമ്പിൽ അജേഷ് പറഞ്ഞു. അജേഷിന്റെ വീടാണ് കഴിഞ്ഞ ദിവസം ബാങ്ക് ജപ്തി ചെയ്തത്.
ബാങ്ക് ജീവനക്കാർ തന്നെ ഒരുപാട് നാണംകെടുത്തിയിട്ടുണ്ട്. താൻ പലതവണ അവരുടെ മുന്നിൽ ചെന്നു നിന്നിട്ടുള്ളതാണ്. അന്ന് അവരുടെ ഭാഗത്തുനിന്നും യാതൊരു സഹായവും ലഭിച്ചിട്ടില്ല. അവർ തന്നെ ഒരുപാട് നാണംകെടുത്തിയിട്ടുണ്ട്. താൻ പണം വായ്പ എടുത്ത് മുങ്ങി നടക്കുന്നവനായി ചിത്രീകരിച്ചത് ഇവരാണ്. മാധ്യമങ്ങൾക്ക് മുന്നിൽ തന്നെയും കുടുംബത്തെയും കൊണ്ടുവന്ന് നാണംകെടുത്തിയത് ഇവരാണെന്നും അജേഷ് പറഞ്ഞു.
മാത്യു കുഴൽനാടൻ എംഎൽഎ തന്നെ കണ്ടിരുന്നു. തന്റെ കടം ഏറ്റെടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്. തന്റെ ചികിത്സ കൂടാതെ മക്കളുടെ വിദ്യാഭ്യാസത്തിനും സഹായിക്കാമെന്നും പറഞ്ഞു. എംഎൽഎ എല്ലാകാര്യവും ഏറ്റിട്ടുണ്ട്. അദ്ദേഹം എല്ലാം ചെയ്യുമെന്നും അജേഷ് കൂട്ടിച്ചേർത്തു.
നേരത്തേ, ബാങ്ക് ജപ്തി ചെയ്ത കുടുംബത്തിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയാറായി മാത്യു കുഴല്നാടന് എംഎല്‍എ രംഗത്തെത്തിയതിന് പിന്നാലെ കോഓപ്പറേറ്റിവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) കുടിശിക അടച്ചെന്ന് ബാങ്ക് മേധാവിയും സിപിഎം സംസ്ഥാന സമിതി അംഗവുമായ ഗോപി കോട്ടമുറിക്കല്‍ അറിയിച്ചിരുന്നു.