21 March, 2022 07:35:52 PM
വയനാട്ടിൽ വണ്ടിക്കള്ളനെ കുടുക്കിയത് മോട്ടോര്‍ വാഹന വകുപ്പിന്‍റെ 'എസ്എംഎസ്'
കല്‍പ്പറ്റ: മോഷ്ടിച്ച ഇരുചക്രവാഹനവുമായി കടക്കാനുള്ള ശ്രമത്തിനിടെ നടന്ന വാഹനപരിശോധനയില്‍ കള്ളന്‍ കുടുങ്ങി. കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് മോഷണം പോയ വാഹനമാണ് ആര്‍ടിഒ അധികൃതരുടെ വാഹന പരിശോധനയിലൂടെ കണ്ടെത്തിയത്. നിരവധി നര്‍കോട്ടിക് കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ കഴിഞ്ഞ് വീണ്ടും മയക്കുമരുന്ന് കാരിയറായും കച്ചവടക്കാരനുമായി തുടര്‍ന്ന് വരികയായിരുന്ന അടിവാരം സ്വദേശി ഷാജി വര്‍ഗീസാണ് (43) പിടിയിലായത്.
പരിവാഹന്‍ ഡേറ്റ ബേസില്‍ വാഹനമുടമ നിലവിലെ മൊബൈല്‍ നമ്പര്‍ അപ് ലോഡ് ചെയ്തിരുന്നു. ഫെബ്രുവരി 24-ന് വയനാട് എന്ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അനൂപ് വര്‍ക്കിയുടെ നിര്‍ദേശപ്രകാരം എംവിഐ സുധിന്‍ ഗോപി, എഎംവിഐമാരായ ഗോപീകൃഷ്ണന്‍, ടിഎ സുമേഷ് എന്നിവര്‍ ലക്കിടിയില്‍ വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയം അതുവഴി വന്ന ഇരുചക്രവാഹനം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും ഇന്‍ഷുറന്‍സ് ഇല്ലാത്തതിന് 2000 രൂപ പിഴ ചുമത്തുകയും ചെയ്തു.
പരിവാഹന്‍ ഡേറ്റ ബേസില്‍ വാഹനമുടമ മൊബൈല്‍ നമ്പര്‍ അപ് ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ ആര്‍ടിഒ പരിശോധന റിപ്പോര്‍ട്ട് വാഹന ഉടമയ്ക്കും വാഹനമോടിച്ചയാള്‍ക്കും മെസേജായി ലഭിക്കും. വാഹന ഉടമക്ക് മൊബൈലില്‍ മെസേജ് ലഭിച്ചതോടെയാണ് മോഷ്ടാവ് പിടിയിലാകുന്നത്. മോഷണംപോയ വാഹനത്തിന് വയനാട്ടിലെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‍റ് പിഴ ചുമത്തിയതായി ഉടമക്ക് മനസ്സിലാവുകയും ഉടന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍, എഎംവിഐ ഗോപീകൃഷ്ണനെ ബന്ധപ്പെട്ട് പ്രതിയെ പിടികൂടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു. വാഹനമോടിച്ചയാളെ എഎംവിഐ നിരന്തരം ബന്ധപ്പെടുകയും പിഴയടക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിഴയടക്കാനെത്തിയ പ്രതിയെയും വാഹനത്തെയും കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. നിലവില്‍ മറ്റൊരാളില്‍ നിന്ന് വാഹനം വാങ്ങുന്നയാള്‍ ആര്‍സി ഉടമയുടെ പേര് മാറ്റുന്നതോടൊപ്പം തങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ ഡേറ്റ ബേസില്‍ അപ്ലോഡ് ചെയ്യുന്നത് അപൂര്‍വമാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. അതിനാല്‍, മറ്റൊരാളില്‍ നിന്ന് വാഹനം വാങ്ങിയവര്‍ ഉള്‍പ്പെടെ എല്ലാ വാഹന ഉടമകളും നിലവിലെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ ഡേറ്റ ബേസില്‍ അപ് ലോഡ് ചെയ്യണമെന്ന് വയനാട് എന്ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അനൂപ് വര്‍ക്കി അറിയിച്ചു.