16 March, 2022 06:07:13 PM


'തെറ്റ് തിരുത്തി പണം കെട്ടി പുതിയ പരാതി നൽകൂ; നടിക്ക് ബാർ കൗൺസിലിന്‍റെ മറുപടി



കൊച്ചി: ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ള അടക്കമുള്ള അഭിഭാഷകർക്കെതിരെ പരാതി നൽകിയ നടിക്ക് ബാർ കൗൺസിലിന്‍റെ മറുപടി. നടി നൽകിയ പരാതിയിൽ നിരവധി തെറ്റുകൾ കണ്ടെത്തിയതായും ഇത് തിരുത്തി പരാതി നൽകണമെന്നുമാണ് ബാർ കൌൺസിലിന്‍റെ മറുപടി. ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. പരാതി രേഖാമൂലം നൽകണം. പരാതിയുടെ 30 പകർപ്പുകളും 2500 രൂപ ഫീസും അടച്ച് പരാതി നൽകിയാൽ തുടർ നടപടി സ്വീകരിക്കുമെന്നാണ് ബാർ കൌൺസിലിന്‍റെ നിലപാട്. 

പ്രതികളുമായി ചേർന്ന് 20 ലെറെ സാക്ഷികളെ അഭിഭാഷകൻ കൂറു മാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് നടി ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെന്‍റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായില്ല. 

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിന്‍റെ ഫോണുകൾ. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധന്‍റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ ആരോപിക്കുന്നു. തന്നെ ആക്രമിച്ച കേസിൽ 20 സാക്ഷികളെ അഭിഭാഷകൻ ഇടപെട്ട് കൂറ് മാറ്റി. കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. 

നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ  ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ അന്വേഷണസംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ  വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ  ചോദ്യം ചെയ്യാൻ ക്രൈംബ്രാ‌‌ഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം നിലച്ചുപോകുകയായിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ട നടി തന്നെ അഭിഭാഷകൻ ബി രാമൻപിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബാർ കൗൺസിലിനെ സമീപിച്ചത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K