14 March, 2022 05:44:09 PM


സാരി ഉടുപ്പിക്കുന്നതിനിടെ 'സ്പര്‍ശിച്ചു'; മേക്കപ്പ് ആർട്ടിസ്റ്റ് അനീസിനെതിരെ വീണ്ടും പരാതി



കൊച്ചി: പീഡനക്കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ലൈംഗികാതിക്രമത്തിന് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഓസ്ട്രേലിയയിൽ താമസിക്കുന്ന മലയാളി യുവതിയാണ് ഏറ്റവും ഒടുവില്‍ പരാതി നല്‍കിയത്. ഇ മെയില്‍ വഴി യുവതി നല്‍കിയ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. ഇതോടെ അനീസ് അൻസാരിക്ക് എതിരെയുള്ള കേസുകളുടെ എണ്ണം നാലായി.

വൈറ്റില ചളിക്കവട്ടത്തെ അനീസ് അൻസാരി യുണിസെക്സ് സലൂൺ ബ്രൈഡൽ മേക്കപ് സ്ഥാപനത്തിൽ വച്ചു അനീസ് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ഓസ്ട്രേലിയയിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിനിയാണ് പരാതി നൽകിയത്. സിറ്റി പൊലീസ് കമ്മീഷണർക്ക് ഇ മെയിൽ മുഖേനയാണ് പരാതി നൽകിയത്. 2015 ഏപ്രിലിൽ വിവാഹത്തിന് മേക്കപ് ചെയ്യാൻ ചെന്നപ്പോൾ സാരി ഉടുപ്പിച്ചു നൽകുന്നതിനിടെ അനാവശ്യമായി സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി.

കല്യാണ ആവശ്യങ്ങൾക്കായി മേക്കപ്പിടുന്നതിനിടെ ലൈംഗിക ചുവയോടെ പെരുമാറുകയും കടന്നുപിടിക്കുകയും ചെയ്തെന്ന് നാല് സ്ത്രീകളാണ് ഇതുവരെ പരാതി നൽകിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിന് വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മീ ടൂ ആരോപണം ഉയർന്നതിന് പിന്നാലെ ഒളിവിൽപോയ അൻസാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതി ദുബായിലേക്കു പോയെങ്കിലും 3 ദിവസം മുൻപു തിരിച്ചു കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പാസ്പോർട്ട് പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രതിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

ഇതിനിടെ ഒളിവിലുള്ള പ്രതി മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ട്. കൊച്ചിയില്‍ ടാറ്റൂ ചെയ്യുന്ന സുജീഷിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് മേക്കപ് ആര്‍ട്ടിസ്റ്റ് അനീസിനെതിരെ വെളിപ്പെടുത്തലുണ്ടായത്. വിവാഹ മേക്കപ്പിനിടെയുണ്ടായ അതിക്രമത്തിനെതിരെ അപ്പോള്‍ തന്നെ പരാതി നല്‍കാതിരുന്നത് വിവാഹം മുടങ്ങുമോ എന്ന പേടി കൊണ്ടാണെന്ന് പരാതിക്കാരികളില്‍ ചിലര്‍ വ്യക്തമാക്കി. ഇതിനിടെ, വിവാഹ മേക്കപ്പിനായി അനീസ് അൻസാരിയെ ബുക്ക് ചെയ്തിരുന്നവർ പണം തിരികെ വാങ്ങാൻ സ്റ്റുഡിയോയിൽ എത്തുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K