12 March, 2022 01:57:35 PM
മദ്യക്കടത്ത് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസിന് നേരെ സ്ത്രീകളുടെ ആക്രമണം
കാസര്‍കോട്: അനധികൃതമായി മദ്യം കടത്തിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പിടികൂടാനെത്തിയ പൊലീസ് സംഘത്തിനു നേരെ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവരുടെ ആക്രമണം. കാസര്‍കോട് ആദൂര്‍ എസ്.ഐ മോഹനന്‍റെ നേതൃത്വത്തില്‍ എത്തിയ പോലീസിനു നേരെയാണ് മദ്യക്കടത്ത് കേസിലെ പ്രതി ബെള്ളൂര്‍ കോടംകുടലുവിലെ രവിയും (39) ഭാര്യയും മറ്റൊരു സ്ത്രീയും ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടത്. പൊലീസിനെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മൂന്നുപേര്‍ക്കുമെതിരെ ആദൂര്‍ പൊലീസ് കേസെടുത്തു.
2021 ഡിസംബര്‍ 16ന് കര്‍ണാടകയില്‍ നിന്ന് സ്‌കൂട്ടറില്‍ കടത്തിയ 180 മില്ലിയുടെ 160 കുപ്പി മദ്യം പൊലീസ് രവിയില്‍ നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് മദ്യവും സ്‌കൂട്ടറും ഉപേക്ഷിച്ച് രവി ഓടി രക്ഷപ്പെടുകയായിരുന്നു. ഫോണിലൂടെ പല തവണ ആവശ്യപ്പെട്ടിട്ടും രവി പൊലീസ് സ്റ്റേഷനിലോ കോടതിയിലോ ഹാജരാകാന്‍ തയ്യാറായില്ല. തുടര്‍ന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വേഷം മാറി രവിയുടെ വീട്ടില്‍ എത്തുകയായിരുന്നു.
പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ നോക്കിയ രവിയെ എസ്.ഐയുടെ നേതൃത്വത്തില്‍ പിടികൂടാന്‍ ശ്രമിച്ചു. ഇതോടെ ഭാര്യയെയും മറ്റൊരു സ്ത്രീയെയും കൂട്ടി പൊലീസിനെ ആക്രമിക്കുകയായിരുന്നു. സ്ത്രീകള്‍ കൈകൊണ്ടും കത്തിയുടെ മടമ്പുകൊണ്ടും പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ചു. ഇതിനിടെ രവി കുതറിയോടി രക്ഷപ്പെടുകയും ചെയ്തു. അപ്രതീക്ഷിത ആക്രമണത്തില്‍ പരിക്കേറ്റ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ചന്ദ്രന്‍ ചേരിപ്പാടി, അജയ് വില്‍സണ്‍ എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.