06 March, 2022 09:25:24 AM
ടാറ്റു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും
കൊച്ചി: ടാറ്റു ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പ്രതി സുജേഷിനെ ഇന്നു കോടതിയില്‍ ഹാജരാക്കും. അഭിഭാഷകനെ കാണാൻ വരുന്നതിനിടെ പെരുമ്പാവൂരിന് സമീപം ഇന്നലെ രാത്രിയാണ് സുജേഷിനെ പിടികൂടിയത്. നിലവില്‍ 6 യുവതികള്‍ ഇയാള്‍ക്കെതിരെ ലൈംഗിക പീഡന പരാതി നല്കിയിട്ടുണ്ട്. 6 കേസുകളാണ് പോലീസ് ഇയാൾക്ക് എതിരെ രജിസ്റ്റർ ചെയ്തത്. നാല് കേസുകൾ പാലാരിവട്ടം സ്റ്റേഷനിലും രണ്ട് എണ്ണം ചേരാനെല്ലൂര്‍ സ്റ്റേഷനിലുമാണുള്ളത്. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ സുജേഷ് ഒളിവിൽ പോവുകയായിരുന്നു.
രണ്ട് ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പോലീസ് ടാറ്റൂ സ്റ്റുഡിയോയിൽ ഇന്നലെ റെയ്ഡ് നടത്തി. സ്ഥാപനത്തിലെ കമ്പ്യൂട്ടർ, ഹാർഡ് ഡിസ്ക്, സിസിടിവി, ഡിവിആർ എന്നിവ പിടിച്ചെടുത്തു. ഇതിലെ വിവരങ്ങളുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന് വ്യക്തമായ സൂചന ലഭിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു.
ടാറ്റൂ ചെയ്യുന്നതിനിടെ സുജേഷ് തന്നോട് അപമര്യാദയായി പെരുമാറുകയും തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് കഴിഞ്ഞ ദിവസമാണ് ഒരു യുവതി തുറന്നുപറഞ്ഞത്. ടാറ്റൂ ചെയ്യാന്‍ ഉപയോഗിക്കുന്ന സൂചി നട്ടെല്ലിനോട് ചേര്‍ത്ത് നിര്‍ത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നെന്നും അമ്മ ഫോണില്‍ വിളിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ തന്നെ വിട്ടതെന്നും യുവതി പറയുന്നു. യുവതിയുടെ ആരോപണത്തിന് പിന്നാലെ മറ്റുള്ളവരും പരാതിയുമായി രംഗത്ത് വന്നു.
സുജേഷിന്‍റെ ഉടമസ്ഥതത്തിലുള്ള ഇൻക്ഫെക്ടഡ് എന്ന സ്ഥാപനത്തിന്‍റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇതിന് പിന്നാലെ യുവതികളുടെ താമസസ്ഥലത്തെത്തി പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതിയിൽ അപേക്ഷയും നൽകിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം അഞ്ചു വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്.
2017 മുതൽ ലൈംഗിക പീഡനമുണ്ടായെന്നാണ് യുവതികളുടെ മൊഴി. കൂടുതൽ പേരെ സുജേഷ് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നതിലും പൊലീസിന് വ്യക്തത ലഭിച്ചിട്ടുണ്ട്.
ബെംഗളൂരുവില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി ഇയാൾക്കെതിരെ പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി 'വയാ കൊച്ചി' എന്ന കൂട്ടായ്മയും രംഗത്തു വന്നിരുന്നു. നിയമനടപടികളിലും മറ്റും യുവതികളോടൊപ്പം ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാക്കുന്നു.