27 February, 2022 12:38:01 PM


സഹപാഠി ബ്ലേഡ് കൊണ്ടു മുറിച്ചു; കഴുത്തിലും തോളിലുമായി 17 സ്റ്റിച്ചുകൾ



കാസർകോട്: സഹപാഠി ബ്ലേഡ് കൊണ്ടു ശരീരത്തിൽ കീറിയതിനെ തുടർന്ന് കഴുത്തിലും തോളിലുമായി 17 സ്റ്റിച്ചുകളുമായി പത്താം ക്ലാസ് വി​​ദ്യാർത്ഥി. ചെർക്കള സെൻട്രൽ ​ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കെഎം ഫാസിറി (15) നാണ് പരിക്കേറ്റത്. ബുധനാഴ്ച 3 മണിയോടെ സ്കൂളിൽ വച്ചായിരുന്നു സംഭവം.

ആദ്യം കഴുത്തിന് പിറകിലാണ് മുറിവേൽപ്പിച്ചത്. കൈ ഉയർത്തി രക്തം തടയാനുള്ള ശ്രമത്തിനിടെ തോളിന് താഴെയും മുറിച്ചു. അധ്യാപകർ ഉടൻ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ ഒൻപതും കൈയ്യിൽ 8 സ്റ്റിച്ചുകളിട്ടു. ഇത്രയും ക്രൂരമായ ആക്രമണം നടന്നിട്ടും സംഭവം ഒതുക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിക്കുന്നതെന്ന് ഫാസിറിന്റെ മാതൃ സഹോദരൻ കെ ഇബ്രാഹിം പറഞ്ഞു. 

പരിക്കേറ്റ കുട്ടി ശല്യം ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് പറയുന്നത്. എന്നാൽ അതുസംബന്ധിച്ച പരാതി കുട്ടിയിൽ നിന്നോ രക്ഷിതാക്കളിൽ നിന്നോ ലഭിച്ചിരുന്നില്ല. ആശുപത്രിയിൽ നിന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ബ്ലേഡ് കൊണ്ടു മുറിവേൽപ്പിച്ചത് സംബന്ധിച്ച റിപ്പോർട്ട് ജുവനൈൽ കോടതിയിൽ സമർപ്പിച്ചതായി വിദ്യാന​ഗർ എസ്ഐ കെ പ്രശാന്ത് വ്യക്തമാക്കി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K